കൊല്ലം: വിഷുവിന് രണ്ടുനാൾ ബാക്കി നിൽക്കെ വിപണി കീഴടക്കി ഒറിജിനലിനെ വെല്ലുന്ന അപരൻ കണിക്കൊന്ന. കാലമെത്ര കഴിഞ്ഞാലും കൊഴിയാതെ നിൽക്കും ഈ കണിക്കൊന്നപ്പൂക്കൾ. പ്ലാസ്റ്റിക്കിലും തുണിയിലും ഒരുക്കിയിട്ടുള്ള കണിക്കൊന്നയ്ക്ക് ആവശ്യക്കാരും ഏറെയാണ്.
ജില്ലയിലെ കടകളേറെയും കൃത്രിമ കണിക്കൊന്നപ്പൂക്കളുടെ ഇളംമഞ്ഞ നിറങ്ങളാൽ ആകർഷണീയമാണ്. ഒരുമാസം മുമ്പ് തന്നെ കടകളിൽ ഈ കണിക്കൊന്ന ഇടം നേടിക്കഴിഞ്ഞു. പ്ലാസ്റ്രിക്കിനേക്കാൾ തുണിയിലൊരുക്കിയ കണിക്കൊന്നപ്പൂവിനാണ് സ്വീകാര്യത കൂടുതൽ.
ഇക്കുറി കണിക്കൊന്ന നേരത്തേ പൂത്തതിനാൽ 'ഡ്യൂപ്ലിക്കേറ്റ്' കണിക്കൊന്നയുടെ ഡിമാൻഡ് കൂട്ടും. ഒരു തണ്ട് കൊന്ന പൂവിന് 30 മുതൽ 50 വരെയാണ് വില. ജില്ലയിൽ പരിസ്ഥിതി സൗഹൃദമായ പ്രത്യേക തരം തുണിത്തരങ്ങൾ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. നഗരത്തിൽ താമസിക്കുന്നവരാണ് ആവശ്യക്കാരിലധികവും.
ഉണ്ണിക്കണ്ണന്മാരും റെഡി
പല വലിപ്പത്തിലും നിറത്തിലും ഭാവത്തിലുമുള്ള കൃഷ്ണ പ്രതിമകളും നിരത്തിൽ ലഭ്യമാണ്. പ്ലാസ്റ്റർ ഒഫ് പാരീസിലും വൈറ്റ് സിമന്റിലും ചെളിയിലും നിർമ്മിച്ച പ്രതിമകളാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 130 മുതൽ 2500 രൂപ വരെയാണ് വില. മുട്ടിലിഴഞ്ഞ് വെണ്ണയുരുളയുമായി ഇരിക്കുന്ന കൃഷ്ണനും ഓടക്കുഴലൂതുന്ന കൃഷ്ണനുമാണ് കൂടുതലായുള്ളത്. വാൽക്കണ്ണാടിയും ഓടക്കുഴലും തുടങ്ങി വിഷുവിനെ വരവേൽക്കാനുള്ളതെല്ലാം വിപണിയിൽ ലഭ്യമാണ്. തുണിക്കടകളിലും വിഷുക്കച്ചവടം സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |