തലയോലപ്പറമ്പ്: കണികാണാൻ നിരനിരയായി കണ്ണന്മാർ. വിഷുക്കണി കളറാക്കാം.
വിഷുവിന് കണി കണികാണാൻ കൃഷ്ണവിഗ്രഹങ്ങൾ ഒരുക്കി വിൽക്കുന്നത് രാജസ്ഥാൻ സ്വദേശി കുക്കാറാമും കുടുംബവുമാണ്. വൈക്കം കോട്ടയം റോഡിൽ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിക്ക് സമീപമാണ് വിഗ്രഹങ്ങളുടെ നിർമ്മാണവും വിപണനവും. നീലക്കാർവർണ്ണന് മഞ്ഞ ചേല തന്നെ. ഉത്തരീയത്തിന്റെ നിറം പലതിലും വ്യത്യസ്തമാണ്. ഒരടി മുതൽ 3അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 160 രൂപ മുതൽ 3000 രൂപ വരെയാണ് വില. ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, രാധാകൃഷ്ണന്മാർ തുടങ്ങി ഒട്ടേറെ വിഗ്രഹങ്ങളുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസും വൈറ്റ് സിമന്റും ഉപയോഗിച്ചാണ് നിർമ്മാണം. മുൻപ് ബ്രഷിന് പെയിന്റ് ചെയ്താണ് നിറം കൊടുത്തിരുന്നത്. ഇപ്പോൾ അതിന് മാറ്റം വന്നു. സ്‌പ്രേ പെയിന്റ് ആയി. 12 വർഷമായി കുക്കാറാമും കുടുംബവും തലയോലപ്പറമ്പിൽ വിഗ്രഹ നിർമ്മാണവും വില്പനയും നടത്തി വരുന്നു. തുടക്കത്തിൽ സൈക്കിൾ ചക്രം ഘടിപ്പിച്ച വണ്ടിയിൽ കൊണ്ടുപോയായിരുന്നു വിൽപ്പന. ഗ്രാമീണ റോഡുകളിലൂടെ പോകുമ്പോൾ വിഗ്രഹങ്ങൾ പൊട്ടിപ്പോകാനുള്ള സാദ്ധ്യത ഏറിയതോടെ വിവിധ കേന്ദ്രങ്ങളിൽ മുറികൾ വാടകയ്ക്ക് എടുത്ത് കച്ചവടം ആരംഭിച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ വിൽപ്പനശാലകളിലേക്കും കുക്കാറാമിന്റെ കരവിരുതിൽ തീർത്ത കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാൻ ആവശ്യക്കാർ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |