SignIn
Kerala Kaumudi Online
Monday, 18 May 2026 1.04 AM IST

‌ഡി.എം.കെ കരുത്തിൽ വെട്രി തേടി നവാസ് കനി

s

''ഇതോ ഉങ്കളുടയ അരുമൈ വേട്പാളർ അരുമയണ്ണൻ നവാസ് കനി വന്തിട്ടിരിക്കാർ..."" അരുമനൈ നഗറിലെ ഇടുങ്ങിയ വഴിയിലൂടെ അനൗൺസ്‌മെന്റ് വാഹനം മുന്നോട്ടുനീങ്ങി. അഗമുടിയാർ ഉരവിൻ മുറൈ സംഘം ഓഫീസിൽ നാട്ടുകാരുടെ സ്വീകരണം. വാഹനത്തിൽ നിന്നിറങ്ങിയ നവാസ് കനിയെ വനിതകൾ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. സിന്ദൂരതിലകം ചാ‌ർത്തി. തേവരിലെ ഉപജാതിവിഭാഗമാണ് അഗമുടിയാർ.

അവിടത്തെ പ്രചാരണത്തിനുശേഷം ‌ഡി.എം.കെ അരുമനൈ നഗര സെക്രട്ടറി മുത്തു അബൂബക്കറിന്റെ വീട്ടിലേക്ക്. അവിടെ ചെറിയൊരു യോഗം. തുടർന്ന് അടുത്ത സ്ഥലത്തേക്ക്.

കേരളത്തിനുപുറത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ആകെയുള്ള സീറ്റായ രാമനാഥപുരം നിലനിറുത്താനുള്ള പരിശ്രമത്തിലാണ് നവാസ് കനിയും കൂട്ടരും. സ്വീകരണയോഗങ്ങളിൽ ലീഗിന്റെ പച്ചക്കൊടികൾ കുറവ്. ഏറെയും ചുവപ്പും കറുപ്പും ചേർന്ന ഡി.എം.കെ കൊടികൾ. നവാസ് കനി തോളിലിട്ടിരിക്കുന്ന ചെറിയ ഷാളിലെ ഏണി ചിഹ്നവും ചുവപ്പിലും കറുപ്പിലും.

സീറ്റ് ലീഗിനാണെങ്കിലും പ്രചാരണത്തിന്റെ ചുക്കാൻ ഡി.എം.കെയുടെ കൈയ്യിലാണ്. മന്ത്രി രാജ കണ്ണപ്പന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 10 മാസം മുമ്പ് ഒരു ഉദ്ഘാടന ചടങ്ങിനെ ചൊല്ലി നേരിട്ട് കൊമ്പുകോർത്തവരാണ് രാജ കണ്ണപ്പനും നവാസ് കനിയും. എന്നാൽ അതൊക്കെ മറന്നാണ് രാജ കണ്ണപ്പന്റെ പ്രവർത്തനം.

ബിസിനസുകാരൻ കൂടിയായ നവാസ് കനിയുടെ സ്ഥാപനങ്ങളിൽ നടന്ന ഇ‌.‌ഡി റെയ്ഡിനെതിരെയും ഡി.എം.കെ രംഗത്ത് എത്തിയിരുന്നു. 13ന് നടന്ന പ്രചാരണ പരിപാടിയിൽ മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ട്രഷറർ പി.വി.അബ്ദുൽ വഹാബും പങ്കെടുത്തിരുന്നു. തമിഴ് കലർത്തിയുള്ള പ്രസംഗമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. 'നിങ്കളെ പാത്താൽ തെരിയും, നവാസ് കനി പാർലമെന്റിൽ ഉണ്ടാകും" എന്ന് ഒരിടത്തും 'നവാസ് കനി താൻനമ്മുക്ക്പോതും" എന്ന് മറ്രൊരു യോഗത്തിലും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന് അഭ്യൂഹമുയർന്ന മണ്ഡലമാണ് രാമേശ്വരം ക്ഷേത്രം ഉൾപ്പെടുന്ന രാമനാഥപുരം. ജനസംഖ്യയുടെ 15.37 ശതമാനം മുസ്ലിങ്ങൾ. 77.39% ആണ് ഹിന്ദുക്കൾ. 4,69,943 (44.29%) വോട്ടാണ് കഴിഞ്ഞ തവണ നവാസ് നേടിയത്. അണ്ണാ ഡി.എം.കെ പിന്തുണയിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗരാജന് 3,42,82 (32.31%) വോട്ടു ലഭിച്ചു. ഇത്തവണ എൻ.ഡി.എ സ്വതന്ത്രനായി മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവവും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയായി പി.ജയപെരുമാളും മത്സരിക്കുമ്പോൾ ഫലം പ്രവചനാതീതം. നവാസ് കനി കേരളകൗമുദിയോട് സംസാരിച്ചു.

?​വിജയപ്രതീക്ഷ എത്രത്തോളം

കഴിഞ്ഞ തവണത്തെക്കാൾ ഒരുലക്ഷം വോട്ടിന്റെ അധിക ഭൂരിപക്ഷം നേടി വിജയിക്കും.

?​ഒ.പി.എസ് എന്ന ശക്തനായ എതിരാളി അപ്പുറത്തുണ്ടല്ലോ

ഒ.പി.എസ് മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനായാണ്. അദ്ദേഹത്തിന്റെ മത്സരം അണ്ണാ ഡി.എം.കെ സ്ഥാനാ‌ർത്ഥിയോടാണ്.

?​ഇ.ഡി റെയ്ഡ് പ്രതിരോധത്തിലാക്കിയോ

ഇ.ഡി, സി.ബി.ഐ ഇൻകംടാക്സ് എന്നിവ എങ്ങനെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്നതെന്ന് ജനത്തിനറിയാം.

?​കേരളത്തിൽ പരസ്പരം എതിർക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇവിടെ പിന്തുണയ്ക്കുന്നുണ്ടല്ലോ

രാഷ്ട്രീയത്തിൽ പ്രദേശിക കൂട്ടുകെട്ടിൽ വ്യത്യാസമുണ്ടാകും. അത് ദേശീയതലത്തിൽ ബാധിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360