കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുകൂട്ടാൻ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല സ്വീകരണം. കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാക്കൂർ, കൊടുവള്ളി, കുണ്ടായിത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. പ്രചാരണത്തിൽ വേണ്ടത്ര ചൂടുപോരെന്ന വിലയിരുത്തലുകൾക്കിടെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി. രാവിലെ 10 മണിക്ക് കാക്കൂരിലെ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും അര മണിക്കൂർ കഴിഞ്ഞാണ് വേദിയിലേക്കെത്തിയത്. പക്ഷേ, കനത്ത ചൂടിലും മണിക്കൂറുകളോളം പ്രിയ നേതാവിനായി കാത്തിരിക്കാൻ ജനം കാത്തിരുന്നു. പലരും നേരത്തെയെത്തി കിട്ടിയ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു.
പത്തരയോടെ വേദിയിലേക്കെത്തിയ മുഖ്യമന്ത്രിയെ ജനങ്ങൾ കരഘോഷങ്ങളും മുദ്രാവാക്യം വിളികളുമായി വരവേറ്റു. കോഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം, വനം മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, എം.വി ശ്രേയാംസ് കുമാർ, പി.കെ നാസർ, സച്ചിൻ ദേവ് എം.എൽ.എ തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പൗരത്വ നിയമ ഭേദഗതി, ബി.ജെ.പി സർക്കാരിന്റെ ജനദ്രാഹ ഇടപെടലുകൾ തുടങ്ങിയവയെല്ലാം പ്രസംഗത്തിൽ ഉയർത്തി കാട്ടി. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനെ മുഖ്യമന്ത്രി വിമർശിച്ചു. പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായിയുടെ മറുപടി. നിലപാടിന്റെ കാര്യത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും അതിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയിലാണ് കോൺഗ്രസിനെതിരെയുള്ള പ്രധാന വിമർശനം. കേരളത്തിനുപുറത്ത് നിങ്ങൾ പൗരത്വ പ്രക്ഷോഭത്തിൽ ഭാഗമായിട്ടില്ല. കേരളത്തിലും വേണ്ട എന്ന് കേന്ദ്രനേതൃത്വമാണോ നിർദേശിച്ചത്? ആ ചോദ്യമാണ് രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്. അതിന് എന്തുകൊണ്ടാണ് മറുപടി പറയാത്തത്. നാലുവർഷത്തിനുശേഷം ഇപ്പോൾ ചട്ടം കൊണ്ടുവന്നു. എല്ലാവരും പ്രതിഷേധിച്ചു. കോൺഗ്രസ് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ് പൗരത്വനിയമം റദ്ദാക്കുമെന്ന് പറയാത്തത്? അഴിമതി അന്വേഷണം നേരിടുമ്പോൾ കോൺഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിൽ ചേരുകയാണ്. മുൻ മുഖ്യമന്ത്രിമാർ മുതൽ ഉന്നതർവരെയുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചതെങ്ങനെയാണെന്ന് നാം കണ്ടതാണ്. 170 കോടി രൂപയാണ് കേസിൽ ഉൾപ്പെട്ട കമ്പനി ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടായി നൽകിയത്. അതോടെ കേസ് ഇല്ലാതായെന്നും പിണറായി പറഞ്ഞു.
ഉച്ചയ്ക്ക് 4 മണിയോടെയായിരുന്നു കൊടുവള്ളിയിലെ പൊതുയോഗം. ലീഗിന്റെ കോട്ടയായ കൊടുവള്ളിൽ വൻആവേശത്തോടെയാണ് ജനങ്ങൾ മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്. തിങ്ങി നിറഞ്ഞ ജനക്കൂട്ടമായിരുന്നു. വെെകീട്ട് അറ് മണിക്ക് ഫറോക്ക് കുണ്ടായിത്തോടിലായിരുന്നു പര്യടന സമാപനം. നിരവധി പേരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. ഇന്ന് പുറമേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |