SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.30 PM IST

ഭാര്യയുമായി ബന്ധം സംശയിച്ച് ബന്ധുവിനെ കുത്തിക്കൊന്നു

Increase Font Size Decrease Font Size Print Page

ss
കൊല്ലപ്പെട്ട രഞ്ജിത്

കോട്ടയം : ഭാര്യയുമായി ബന്ധമാരോപിച്ച് ചെങ്ങളം സൗത്ത് വളയംകണ്ടത്ത് രഞ്ജിത്തിനെ (40) യുവാവ് കുത്തിക്കൊന്നു. തടയുമ്പോൾ കുത്തേറ്റ സുഹൃത്ത് റിജോ ചികിത്സയിലാണ്. സംഭവ ശേഷം മുങ്ങിയ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷിനായി തെരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ വടവാതൂർ കുരിശടിയ്ക്ക് സമീപമായിരുന്നു സംഭവം. നിർമ്മാണജോലിക്കാരനായ രഞ്ജിത്ത് വടവാതൂർ ശാന്തിഗ്രാമം കോളനിയിൽ ഭാര്യവീട്ടിലാണ് താമസം. ഇവിടേക്ക് ജോലികഴിഞ്ഞ് റിജോയ്ക്കൊപ്പം വരുന്നതിനിടെയായിരുന്നു ആക്രമണം. ബസിറങ്ങി വരുമ്പോൾ ബൈക്കിൽ എത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ റിജോ സമീപത്തെ സ്വകാര്യആശുപത്രിയിലേക്ക് ഓടിക്കയറി ആളുകളെ കൂട്ടി എത്തുമ്പോൾ രഞ്ജിത്ത് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഇതോടെ അജീഷ് രക്ഷപ്പെട്ടു. ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും രഞ്ജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടത് തോളിൽ നെഞ്ചോട് ചേർന്ന ഭാഗത്ത് 16 സെന്റീ മീറ്റർ ആഴത്തിൽ കുത്തേറ്റിരുന്നു. സ്ഥിരം മദ്യപാനിയായ അജീഷ് വടവാതൂരിലാണ് താമസിക്കുന്നത്. ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാർച്ചിൽ അജീഷിനെതിരെ ഗാർഹിക പീഡനത്തിന് മണർകാട് സ്റ്റേഷനിൽ പരാതിയും നൽകി. ബന്ധുക്കൾ സംസാരിച്ച് പിന്നീട് പരാതി ഒത്തുതീർപ്പാക്കി. രഞ്ജിത്തിന്റെയും അജീഷിന്റെയും ഭാര്യമാർ ബന്ധുക്കളാണ്. പരാതി നൽകാൻ ഇടപെട്ടത് രഞ്ജിത്തായിരുന്നു. ഇതോടെ രഞ്ജിത്തുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയത്തിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടു നൽകിയ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ശാന്തിഗ്രാമം കോളനിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളത്തെ വീട്ടുവളപ്പിൽ. കരുണാകരന്റെയും , രത്നകുമാരിയുടെയും മകനാണ്. ഭാര്യ സന്ധ്യ വിദേശത്താണ്. മക്കൾ: അമൃത, അഭിജിത്ത്.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY