വക്കം: വക്കം നിലയ്ക്കാമുക്കിലെ വഴിയിടം വിശ്രമകേന്ദ്രം പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമാകുന്നു. അമിത വാടക കാരണം കരാറെടുക്കാൻ ആളില്ലാത്തതും ജലത്തിന്റെ ലഭ്യത കുറവുമാണ് പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. ഉന്നത നിലവാരത്തിൽ പൊതു ടോയ്ലെറ്റ് ഒരുക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ ശുചിത്വ മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് വഴിയിടം വിശ്രമകേന്ദ്രം. വക്കം പഞ്ചായത്തിൽ നിലയ്ക്കാമുക്ക് ചന്തയോട് ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ടോയ്ലെറ്റും ലഘു ഭക്ഷണ ശാലയും പ്രവർത്തിക്കുന്നതിനായി രണ്ടു മുറികളിലാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
തുടക്കം മുതൽ കല്ലുകടി
മെച്ചപ്പെട്ട സൗകര്യങ്ങളോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസം തുടക്കത്തിൽ തന്നെ കെട്ടിടത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കി. ഉദ്ഘാടനം കഴിഞ്ഞ് കരാർ ഏറ്റെടുക്കാൻ ആളില്ലാതെ വരികയും ഒടുവിൽ ഹരിത കർമ്മ സേനയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഭക്ഷണം വീടുകളിൽ വച്ച് പാചകം ചെയ്തു വിശ്രമ കേന്ദ്രത്തിൽ എത്തിച്ച് കച്ചവടം നടത്തുകയാണ് ചെയ്തിരുന്നത്. ഇരുന്നു കഴിക്കുവാനുള്ള സൗകര്യം ഇല്ലാത്തതും ജലത്തിന്റെ ലഭ്യത കുറവും വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. പിന്നാലെ കെട്ടിടം അടച്ചു പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |