മൂവാറ്റുപുഴ: ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കാർഡുകളിടുന്ന തിരക്കിലാണ് സൗരവും സച്ചിനും. ഞെട്ടണ്ട. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ അഭിമാനതാരങ്ങളുടെ ചുവട് പിടിച്ച് വരുന്ന ഈ സൗരവും സച്ചിനും സഹോദരങ്ങളാണ്. മൂവാറ്റുപുഴ മാറാടിയിലെ മഞ്ചേരിപ്പടിയിലെ കൈപ്പനാൽ വീട്ടിൽ അരുണിന്റെയും സവിതയുടെയും മക്കൾ.
ക്രിക്കറ്റ് കളി അത്രമേൽ ഇഷ്ടമായിരുന്നു 26 വർഷത്തോളം ക്രിക്കറ്റ് കളിച്ച അരുണിന്. മക്കളുണ്ടായപ്പോൾ തന്റെ ഇഷ്ടതാരങ്ങളായ സൗരവിന്റെയും സച്ചിന്റെയും പേര് നൽകുക മാത്രമല്ല വളരുമ്പോൾ അവരെ മികച്ച ക്രിക്കറ്റ് കളിക്കാരാക്കണമെന്ന് ഉറപ്പിക്കുകയും ചെയ്തു. അവർക്കായി മികച്ച കോച്ചിംഗ് സൗകര്യങ്ങൾ നൽകി. അവർക്ക് പ്രാക്ടീസിനായി ഭാര്യാസഹോദരൻ സന്തോഷിന്റെ പറമ്പിൽ മനോഹരമായ ക്രിക്കറ്റ് ടർഫും റെഡി ആക്കി. മക്കളെ കുറിച്ചുള്ള അരുണിന്റെ സ്വപ്നങ്ങൾക്ക് ഭാര്യ സവിത മാത്രമല്ല സന്തോഷും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
സച്ചിന്റെ വഴിയേ സച്ചിൻ
മൂത്തവനാണ് സൗരവ്. എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ 2021-22ലെ അണ്ടർ 18 ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത റെക്കാർഡുള്ള സൗരവ് മികച്ച ബൗളറാണ്. ഇപ്പോൾ തൊടുപുഴ ന്യൂമാൻസ് കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർത്ഥി. ബാറ്റിംഗാണ് ഇളയവൻ സച്ചിന് കൂടുതൽ പ്രിയം. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയാണ് സച്ചിനിപ്പോൾ.
'ക്രിക്കറ്റ് ദൈവം' സച്ചിനെ പോലെ റെക്കാർഡുകളുടെ വഴിയേ ആണ് ഈ കുട്ടിസച്ചിന്റെയും യാത്ര. എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 13 ലീഗിൽ 408 റൺസും 10 വിക്കറ്റുമായിരുന്നു സച്ചിന്റെ നേട്ടം. ഇതുവരെ ആരും 275 റൺസിൽ കൂടുതൽ നേടിയിട്ടില്ല എന്നത് സച്ചിന്റെ മികവ് കാണിക്കുന്നു. ശാസ്താംകോട്ട അണ്ടർ 15 ആൾ കേരളാ ടൂർണമെന്റ് വിഭാഗത്തിൽ ബെസ്റ്റ് ബാറ്റ്സ്മാൻ, എസ് 3 അണ്ടർ 15ആൾ കേരള ടൂർണമെന്റിൽ മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റർ, ഏപ്രിലിൽ നടന്ന അണ്ടർ16 ആൾ കേരള ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാൻ- പ്ലെയർ ഓഫ് ദി ഫൈനൽ, എന്നിങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. അണ്ടർ 16 ജില്ലാമത്സരങ്ങളിൽ പാലക്കാടിനെതിരെയും തൃശൂരിനെതിരെയും നടത്തിയ പ്രകടനം സെൻട്രൽ സോൺ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകി. സോൺ മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി സച്ചിൻ.
ക്രിക്കറ്റിന്റെ ഉന്നതതലങ്ങളിലേക്ക് മക്കളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി അവർ കളിക്കുന്നത് സ്വപ്നമാണ്. ഐപിഎൽ പോലെയുള്ള പ്ലാറ്റ് ഫോമുകളിൽ അവർക്ക് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അരുൺ
പിതാവ്
ഭാവിയിൽ ക്രിക്കറ്റ് ലോകത്ത് ജൂനിയർ സൗരവും സച്ചിനുമായി ഇവർ മാറും
ഗോപി കോട്ടമുറിക്കൽ
കേരള ബാങ്ക് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |