കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നു. ഇനി മുന്നിൽ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്. അടുത്ത വർഷം ഡിസംബറോടെ നടക്കാനിരിക്കുന്ന ആ തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ച മുറുക്കാൻ ഒരുങ്ങുകയാണ് മുന്നണികളും പാർട്ടികളും. ഈയാഴ്ച യോഗം ചേർന്ന് മുന്നണികൾ മുന്നൊരുക്കം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് അതിർത്തി നിർണയത്തിനും വോട്ടർപട്ടിക പുതുക്കുന്നതിനും നടപടി ആരംഭിച്ചതിനാൽ അടിയന്തര ഇടപെടലിനാണ് മുന്നണികൾ കോപ്പുകൂട്ടുന്നത്. ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാൻ മുന്നണികൾ വിപുലമായ ആസൂത്രണമാണ് നടത്തുന്നത്. പരമാവധി സീറ്റുകൾ നേടിയാലേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ലഭിക്കൂവെന്നതിനാൽ താഴേത്തട്ടിലെ തിരഞ്ഞെടുപ്പ് വിജയം പാർട്ടികളുടെ അടിത്തറ ശക്തമാക്കാൻ അനിവാര്യമാണ്.
കോൺഗ്രസ് യോഗം ഇന്ന്
ലോക്സഭാ ഫലം ചർച്ച ചെയ്യാൻ ഇന്ന് (വ്യാഴം) ചേരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികളും വിഷയമാകും. അടുത്ത ആഴ്ച ചേരുന്ന യു.ഡി.എഫ് ജില്ലായോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകും. അതിർത്തി പുനർനിർണയ നടപടികൾ സൂക്ഷ്മായി നിരീക്ഷിക്കാനും ദോഷകരമായ മാറ്റങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാനും പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വങ്ങൾ.
ചർച്ച ചെയ്യാൻ എൽ.ഡി.എഫ്
എറണാകുളം മണ്ഡലത്തിലെ ദയനീയപരാജയം പരിശോധിക്കാൻ അടുത്തയാഴ്ച ചേരുന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം വീഴ്ചകൾ തിരുത്തി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ചർച്ച ചെയ്യും. പ്രചാരണത്തിൽ മുന്നിലെത്തിയെങ്കിലും തിരിച്ചടിയായതിന്റെ കാരണം പഠിക്കും. സി.പി.എമ്മിനും സി.പി.ഐക്കും സ്വാധീനമുള്ള മേഖലകളിലും വോട്ടുകുറഞ്ഞതിന്റെ ഞെട്ടലിലാണ് ജില്ലാ നേതൃത്വം. ചാലക്കുടിയിൽ ഭൂരിപക്ഷം നേർപകുതിയാക്കാൻ കഴിഞ്ഞത് മാത്രമാണ് ഇടതിന് അല്പമെങ്കിലും ആശ്വാസം. വൈപ്പിൻ, കോതമംഗലം, കളമശേരി, കൊച്ചി, കുന്നത്തുനാട് എന്നീ ഇടത് മണ്ഡലങ്ങളിൽ യു.ഡി.എഫ് നേടിയ മേൽക്കൈ തദ്ദേശതിരഞ്ഞെടുപ്പിലും ദോഷം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. വീഴ്ചകൾ പരിഹരിച്ച് നേട്ടമുണ്ടാക്കാനുള്ള തന്ത്രം ആവിഷ്കരിക്കും.
''അടുത്ത ആഴ്ച എൽ.ഡി.എഫ് ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും. തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കവും ഉടൻ ആരംഭിക്കും.""
ജോർജ് ഇടപ്പരത്തി
ജില്ലാ കൺവീനർ
എൽ.ഡി.എഫ്
''ലോക്സഭയിലെ നേട്ടങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും.""
ഡൊമിനിക് പ്രസന്റേഷൻ
ജില്ലാ കൺവീനർ, യു.ഡി.എഫ്
പേര് ചേർക്കാം
വാർഡുകളുടെ അതിർത്തി പുനർനിർണയം സംബന്ധിച്ച ഉത്തരവ് ദിവസങ്ങൾക്കകം പുറത്തിറങ്ങും. വോട്ടർപട്ടിക പുതുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ആരംഭിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം.
തദ്ദേശം
ജില്ലാ പഞ്ചായത്ത് 1
ബ്ളോക്ക് പഞ്ചായത്ത് 14
കോർപ്പറേഷൻ 1
നഗരസഭ 13
ഗ്രാമപഞ്ചായത്ത് 84
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |