കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനകേസിൽ മർദ്ദനമേറ്റ യുവതി കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. താൻ നേരത്തെ ആരോപിച്ച സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി തന്നെ ആരും തല്ലിയിട്ടില്ലെന്നും കേസിലെ പ്രതിയായ രാഹുൽ പി. ഗോപാലിനെതിരായ ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും യുവതി നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ താൻ സുരക്ഷിതയാണെന്ന് വെളിപ്പെടുത്തി തന്റെ യുട്യൂബ് ചാനൽ വഴി യുവതി വീണ്ടും വീഡിയോ സന്ദേശം പുറത്തുവിട്ടു.
ആരുടെയും നിർബന്ധപ്രകാരമല്ല വീഡിയോ വഴി രാഹുലിനെ ന്യായീകരിച്ചതെന്ന് വീഡിയോയിൽ യുവതി പറയുന്നു. വീട്ടിൽ നിന്ന് വീഡിയോ റിലീസ് ചെയ്യാൻ ആകില്ലെന്നും തനിക്കെതിരെ വീട്ടുകാരുടെ വധഭീഷണി ഉണ്ടായെന്നും യുവതി പറഞ്ഞു. സ്വന്തം വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും യുവതി വ്യക്തമാക്കി. രഹസ്യ മൊഴി നൽകുന്ന സമയത്ത് സത്യം പറയുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പിയോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ കേസായതിനാൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് എ.സി.പി പറഞ്ഞതായി യുവതി വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.
.അച്ഛൻ ആത്മഹത്യാ ശ്രമത്തിന് ഒരുങ്ങുന്നത് നേരിട്ട് കണ്ട് ഭയന്നു. ഒരു വക്കീൽ ഒരു ദിവസം രാത്രി വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞു. എന്നാൽ അവര്‍ പോലും, സത്യം പറയുന്നത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപിലും സത്യം പറയാൻ പറ്റാതെ പോയതും ഇത് മൂലമാണെന്ന് യുവതി പറയുന്നു. താൻ ബന്ധുക്കളോട് പോലും സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ ആരും എന്റെ കൂടെ നിന്നില്ല. താൻ കഴിഞ്ഞ ആഴ്ച എസിപിയെ വിളിച്ച് സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ കിട്ടിയത് ചൂണ്ടിക്കാട്ടി അദ്ദേഹം സഹായിച്ചില്ല. തൻ്റെ ഫോൺ പോലും തൻ്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു.
തന്റെ യൂട്യൂബിൽ ഇന്ന് യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയിലാണ് കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആദ്യത്തെ വീഡിയോ 18 മിനിറ്റോളവും രണ്ടാമത്തെ വീഡിയോ മൂന്നര മിനിറ്റിലേറെയുമാണ് ദൈര്‍ഘ്യമുള്ളത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. നീമ ഹരിദാസ് എന്ന യുട്യൂബ് പ്രൊഫൈലിലൂടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. അതേസമയം, മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റി പറയിക്കുന്നതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. മകളെ കാണാനില്ല. മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പിതാവ് ആദ്യത്തെ വീഡിയോ സന്ദേശത്തിന് പിന്നാലെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |