SignIn
Kerala Kaumudi Online
Saturday, 22 June 2024 2.34 AM IST

തിരിച്ചടിയിൽ പഠിച്ചില്ലെങ്കിൽ ചെങ്കൊടി താഴാൻ തുടങ്ങും

cpm

തിരുവനന്തപുരം: തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കാൻ സി.പി.എം എത്രമാത്രം തയ്യാറാവുമെന്നതാണ് അഞ്ച് ദിവസത്തെ നേതൃയോഗം ഇന്ന് സമാപിക്കാനിരിക്കെ ഉയരുന്ന വലിയ ചോദ്യം.ഉത്തരം അനുകൂലമായാലും, പ്രതികൂലമായാലും അത് ബാധിക്കുന്നത് സർക്കാരിനെയോ,നേതാക്കളെയോ മാത്രമല്ല, കേരളമെന്ന കൊച്ചുതുരുത്തിലെ ചെങ്കൊടിയുടെ നില നിൽപ്പിനെ കൂടിയാണ് .

ക്ഷേമ പെൻഷനുകൾ മുടങ്ങിയത് ഉൾപ്പെടെ സർക്കാരിന്റെ വീഴ്ചകൾ സൃഷ്ടിച്ച ജനരോഷം ഭരണ വിരുദ്ധ വികാരമായി ആഞ്ഞടിച്ചെന്ന നഗ്ന സത്യം അംഗീകരിക്കുന്നതിലുള്ള ഭരണ നേതൃത്വത്തിന്റെ വൈമനസ്യവും ചർച്ചാ വിഷയമാണ്.മരുന്നുവാങ്ങാൻ പോലും പാങ്ങില്ലാതെ സാമൂഹ്യ പെൻഷൻകാർ ഉൾപ്പെടെ വലയുമ്പോൾ,കോടികൾ ചെലവിട്ട് ലോക കേരള സഭകളും നവ കേരള സദസ്സുകളും കേരളീയം മാമാങ്കങ്ങളും കൊണ്ടാടുന്നതിലെ അപഹാസ്യത ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.ഇപ്പോൾ, പാർട്ടി അടി പതറിയപ്പോൾ വിമർശനത്തിന്റെ കൂരമ്പുകളെയ്യുന്ന പലരും ഇതുവരെ സ്തുതി പാഠക വൃന്ദത്തിലായിരുന്നു. വി.എസ് അച്യുതാനന്ദൻ ഇന്നത്തെ ആനാരോഗ്യാവസ്ഥയിലാവുന്നത് വരെ പാർട്ടിയിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊണ്ടിരുന്നു.കടുത്ത വിഭാഗീയതകൾക്കിടയിലും സംഘ‌ടനയെ ഉലയാത്ത തോണിപോലെ നയിക്കാനുള്ള

കരുത്തും ജാഗ്രതയും അതുവഴി പിണറായിക്കും കൈ വന്നിരുന്നു.പക്ഷേ, വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കാനും,ജനവികാരം

ഉൾക്കൊണ്ട് നേർവഴി നയിക്കാനും മനസും ശേഷിയുമുള്ള നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ പാർട്ടിയിലും ഭരണത്തിലും പ്രകടം.അതിന്റെ അപചയമാണ് ഇപ്പോൾ കാണുന്നത്.അടിത്തറ തകർന്നതാണ് ബംഗാളിലെയും ത്രിപുരയിലും ഉയർത്തെഴുന്നേൽ അസാദ്ധ്യമാക്കിയത്.

പരിപാടികളും പണപ്പിരിവും പ്രവർത്തകരെയും അകറ്റി

തിരുവനന്തപുരം:പാർട്ടിയും മറ്റ് ബഹുജന സംഘടനകളും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തുന്ന പരിപാടികളുടെ ആധിക്യം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്ന അഭിപ്രായം ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പ്രകടമായി. ഈ പരിപാടികൾക്ക് വേണ്ടി തുടർച്ചയായി പണപ്പിരിവ് നടത്തേണ്ടിവരുന്നത് അനുഭാവികളിൽ അതൃപ്തിയുണ്ടാക്കുന്നുണ്ട്. പ്രഖ്യാപിച്ച് നടപ്പാക്കിയ ആനുകൂല്യങ്ങൾ യഥാസമയം നൽകാത്തതും പാർട്ടി അനുഭാവികളിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഭരണത്തിൽ പാർട്ടിക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്ന വിമർശനവുമുണ്ടായി. പാർട്ടി നിലപാടുകളും അഭിപ്രായങ്ങളും പലപ്പോഴും അർഹിക്കും വിധം പരിഗണിക്കപ്പെടുന്നില്ലെന്ന വികാരമുണ്ട്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്കുപരിയായി ആരുടെയൊക്കെയോ ഇടപെടലുണ്ടെന്ന തോന്നലുളവാകുന്നതായും വിമർശനമുണ്ടായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ഇപ്പോഴത്തെ ദൗർബ്ബല്യങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചു. നേതാക്കൾ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്‌നങ്ങൾ കേൾക്കണം. പരിഹരിക്കാൻ ശ്രമിക്കണം.ഇതായിരുന്നു യോഗത്തിലെ പൊതുവികാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.