തിരുവനന്തപുരം: തലസ്ഥാനത്ത് ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ്. അഞ്ചോളം തവണ പീഡനം നടന്നതായി വഞ്ചിയൂർ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൂജപ്പുര പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കെതിരെ പോക്സോയ്ക്കു പുറമേ ഐ.പി.സി 312 പ്രകാരം ഗർഭഛിദ്ര വകുപ്പും ചുമത്തി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ ഉടൻ കോടതിയിൽ നൽകുമെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബിനോയിയും പെൺകുട്ടിയും രണ്ടുവർഷത്തോളം പ്രണയത്തിലായിരുന്നു. 17 വയസുള്ളപ്പോഴാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും കണ്ടെടുത്തു.
രണ്ടുമാസം മുമ്പ് പെൺകുട്ടി ബിനോയിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ബിനോയി വഞ്ചിച്ചെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ബിനോയിയുടെ ആരാധകർ പെൺകുട്ടിക്കുനേരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാപക അധിക്ഷേപം നടത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തലേന്ന് അമ്മയ്ക്ക് അയച്ച വാട്സ് ആപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയിൽ അടച്ചുപൂട്ടി ഇരുന്ന പെൺകുട്ടി കോളയും ചോക്ലേറ്റും മാത്രമാണ് കഴിച്ചിരുന്നത്.
മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് ആരും ഒന്നും ചെയ്തതിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കണ്ടെന്നുമാണ് പറയുന്നത്. ബിനോയിയോട് സന്തോഷമായിരിക്കാൻ പറയണമെന്നും ഇനി തോൽക്കാൻ വയ്യെന്നും കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി മാനസിക പ്രശ്നങ്ങൾക്ക് രണ്ടുമാസമായി മരുന്നു കഴിക്കുന്നുണ്ടായിരുന്നു.
ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവുമായി യാതൊരു പ്രശ്നവുമില്ലെന്നും ഇപ്പോഴും സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |