തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മദ്യപിച്ചനിലയിൽ കണ്ടെത്തിയത് 319 ജീവനക്കാരെയെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ. ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി കണ്ടെത്തിയത് 304 പേരെയാണ്. 15 പേർ മദ്യപിച്ചനിലയിൽ വിശ്രമമുറിയിലായിരുന്നു.
2021 ജൂലായ് 21 മുതൽ 2024 ജൂൺ 14 വരെയുള്ള കണക്കാണിത്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചവരെ കണ്ടുപിടിക്കാൻ ആൽക്കഹോൾ ബ്രീത്ത് അനലൈസർ വിത്ത് പ്രിന്റർ, ക്യാമറ ആൻഡ് ജി.പി.എസ് സംവിധാനം വാങ്ങി. 20 എണ്ണത്തിന് 7.60 ലക്ഷം ചെലവായെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി ജീവിതനിലവാരം: പഠനത്തിന് സമിതി
തിരുവനന്തപുരം: ചെമ്മീൻ പീലിംഗ് തൊഴിലാളികളുടേതടക്കം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് പഠിക്കാൻ ലേബർ കമ്മിഷണർ, ഇ.എസ്.ഐ- ഫിഷറീസ് ഡയറക്ടർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം. മിനിമം വേതനം നൽകുന്നില്ലെന്ന പരാതികളിൽ നിയമനടപടിയുണ്ടാവും. മിനിമം വേതനം പുതുക്കുന്നതിന് ശുപാർശ നൽകാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. 84 മേഖലകളിൽ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ടെന്നും എച്ച്. സലാമിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ആലപ്പാട്ടെ കടലാക്രമണം തടയാൻ 175 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ആലപ്പാട്ടെ കടലാക്രമണ പ്രതിരോധത്തിനായി 175കോടിയുടെ പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്രിൻ നിയമസഭയിൽ പറഞ്ഞു. ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. കടലാക്രമണ പ്രതിരോധ സംവിധാനം പഠിക്കാൻ ചെന്നൈയിലെ കേന്ദ്രസ്ഥാപനത്തെ ചുമതലപ്പെടുത്തി. ടെട്രോപോഡുപയോഗിച്ച് തീരദേശത്ത് സംരക്ഷണമൊരുക്കാനാണ് തീരുമാനം. ശംഖുംമുഖം, ആലപ്പാട്, ചെല്ലാനം അടക്കം രൂക്ഷമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിലാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും സി.ആർ.മഹേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
97 സ്കൂളുകളിൽ
എസ്.എൻ.എഫ് പദ്ധതി
സ്കൂൾ വിദ്യാർത്ഥികളിൽ ഭക്ഷ്യസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിന് 2023-24 ൽ 97 സ്കൂളുകളിൽ സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ (എസ്.എൻ.എഫ്) പദ്ധതി നടപ്പിലാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 24 പഞ്ചായത്തുകളിൽ സമ്പൂർണ ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |