SignIn
Kerala Kaumudi Online
Thursday, 18 July 2024 12.14 PM IST

ഐപിസിയും സിആർപിസിയും ഇനി ചരിത്രം,​ രാജ്യത്ത് പുതിയ ക്രിമിനൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ

ipc

ന്യൂഡൽഹി : ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായി തുടർന്നിരുന്നഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം,തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,ഭാരതീയ സാക്ഷ്യ നിയമം എന്നിവ നാളെ മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്ത് ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. രണ്ടാം മോദി സർക്കാരാണ് ബില്ല് പാസാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. ഭരണഘടന ഉയർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂർണമായി ഇന്ത്യനാണെന്ന് അമിത് ഷാ പ്രതികരിച്ചു.


ഭാരതീയ ന്യായ സംഹിതയിൽരാജ്യദ്രോഹക്കുറ്റത്തിന്റെ പേരുമാറ്റി ദേശദ്രോഹം എന്നാക്കി.രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരേയുള്ള ഏതു തരം ഭീഷണിയും, ആക്രമണങ്ങളും ഭീകരതയായി കണക്കാക്കും.ഭീകരതയ്ക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും തൂക്കുകയർ വരെ വിധിക്കാൻ വ്യവസ്ഥ.

സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ പ്രത്യേക അദ്ധ്യായം ചേർത്തിട്ടുണ്ട്.12 വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ മരണം വരെ ജയിലിൽ കഴിയുന്ന തരത്തിൽ ജീവപര്യന്തം കഠിനതടവ് വിധിക്കാം. കുറഞ്ഞ ശിക്ഷ 20 വർഷം. ഇന്ത്യൻ ശിക്ഷാനിയമത്തിൽ 511 വകുപ്പുകളുണ്ടായിരുന്നുവെങ്കിൽ ഭാരതീയ ന്യായ സംഹിതയിലത് 358 വകുപ്പുകളായി ചുരുങ്ങി.ഐ.പി.സിയിൽ കൊലപാതകക്കുറ്റത്തിന്റെ ശിക്ഷ പറയുന്നത് 302ാം വകുപ്പാണെങ്കിൽ പുതിയ ബില്ലിൽ അത് 103 ആണ്.

അയ്യായിരം രൂപയ്ക്ക് താഴെയുള്ള വസ്തുക്കളുടെ മോഷണം, സർക്കാർ ജീവനക്കാരനെ തടയുകയെന്ന ലക്ഷത്തോടെ ആത്മഹത്യാ ഭീഷണിമുഴക്കൽ, ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് വരികയോ ശല്ല്യം ഉണ്ടാക്കുകയോ ചെയ്യൽ എന്നിവയ്ക്കുള്ള ശിക്ഷ സാമൂഹ്യ സേവനമാണ്.

നിലവിലെ ഐ.പി.സിയിൽ പുരുഷനെയും സ്‌ത്രീയെയും നിർവചിക്കുമ്പോൾ, പുതിയ ന്യായസംഹിതയിൽ ചൈൽഡ് (കുട്ടി) എന്ന വാക്കു കൂടി ചേർത്തിട്ടുണ്ട്. പുതിയ സംഹിതയിലെ സെക്ഷൻ 2 (3) പ്രകാരം 18 വയസിൽ താഴെയുള്ള ഏതൊരാളും ചൈൽഡ് ആണ്. പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ചില പ്രധാന വകുപ്പുകൾ ചുവടെ:

1. സെക്ഷൻ 48: ഇന്ത്യയ്ക്കു പുറത്തുവച്ചുള്ള പ്രേരണയാൽ, ഇന്ത്യയ്ക്കകത്ത് കുറ്റം ചെയ്താൽ അങ്ങനെ പ്രേരിപ്പിക്കുന്ന ആൾ ഇന്ത്യയ്ക്കകത്ത് പ്രേരണാക്കുറ്റം ചെയ്തതായി കണക്കാക്കും.

2. സെക്ഷൻ 69: കബളിപ്പിക്കുന്ന മാർഗത്തിലൂടെയുള്ള ലൈംഗിക ബന്ധം. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി സ്‌ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം.

3. സെക്ഷൻ 95: ഒരു കുറ്റം ചെയ്യിപ്പിക്കുന്നതിനായി ഏതെങ്കിലും കുട്ടിയെ കൂലിക്ക് എടുപ്പിക്കുകയോ, പണി ചെയ്യിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും,​ കൂടാതെ പിഴയും ലഭിക്കാം.

4. സെക്ഷൻ 106 (2): കുറ്റകരമായ നരഹത്യ ആകാത്ത തരത്തിൽ അശ്രദ്ധയോടെ വാഹനമോടിച്ച് ഒരാൾ മറ്റൊരാളുടെ മരണത്തിന് കാരണക്കാരനാവുകയും,​ ഈ വിവരം ഉടൻതന്നെ ഒരു പൊലീസ് ഓഫീസറെയോ മജിസ്ട്രേട്ടിനെയോ അറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താൽ അയാൾക്ക് പത്തുവർഷം വരെ തടവും പിഴയും ശിക്ഷ.

5. സെക്ഷൻ 111: സംഘടിത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ,​ പിഴ കൂടിയോ ലഭിക്കാവുന്നതാണ്.

6. സെക്ഷൻ 112: ചെറിയ സംഘടിത കുറ്റങ്ങളായ മോഷണം, പോക്കറ്റടി, എ.ടി.എം വഴിയുള്ള മോഷണം എന്നിവ ചെയ്താൽ സംഘത്തിലെ ഓരോ വ്യക്തിക്കും ഏഴുവർഷം വരെ തടവും പിഴയും ശിക്ഷ.

7. സെക്ഷൻ 113: ഭീകരപ്രവർത്തനം: വിശാലമായ നിർവചനമാണ് ഭീകരപ്രവർത്തനത്തിന് ന്യായ സംഹിതയിൽ നൽകിയിരിക്കുന്നത്. ഭീകരപ്രവർത്തനം നടത്തുന്ന വ്യക്തിക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ,​ പിഴ കൂടിയോ ലഭിക്കും.

8. സെക്‌ഷൻ 117 (3) (4): കഠിനമായ ദേഹോപദ്രവം ചെയ്യൽ: അഞ്ചോ അതിലധികമോ പേർ ഒരു ഗ്രൂപ്പായി ചേർന്ന് ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മറ്റൊരു വ്യക്തിക്ക് കഠിന ദേഹോപദ്ര‌വം ഏല്പിച്ചാൽ, ആ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കാവുന്നതാണ്.

9. സെക്ഷൻ 152: ഇന്ത്യയുടെ അഖണ്ഡതയേയും പരമാധികാരത്തേയും അപകടത്തിലാക്കുന്ന പ്രവൃത്തി: ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവും പിഴയും ലഭിക്കാം.

10. സെക്ഷൻ 195 (2): പൊതുസേവകർക്ക് എതിരെയുള്ള ആക്രമണം, കൊള്ള, ലഹള മുതലായവ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന പൊതു സേവകനെ ആക്രമിക്കുകയോ തടസപ്പെടുത്തുകയോ ചെയ്താൽ, ആ വ്യക്തിക്ക് ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BNS, IPC, CRPC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.