മുംബയ്: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ നടപടി നേരിട്ട അസിസ്റ്റന്റ് കളക്ടർ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പൂനെ ട്രാഫിക് പൊലീസ്. സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാരിന്റെ ബോർഡ് വയ്ക്കുകയും ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. ഇവ കൂടാതെ 21 ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ട്രാഫിക് പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ ഖേദ്കറിന്റെ ഡ്രൈവർ വാഹനത്തിന്റെ താക്കോൽ
നൽകിയിരുന്നു. കാറിന്റെ രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സമർപ്പിച്ചിട്ടില്ല.
പ്രൊബേഷൻ കാലയളവിൽ സർക്കാർ നൽകാത്ത പല സൗകര്യങ്ങളും അസി. കളക്ടർ ഉപയോഗിച്ചിരുന്നതായാണ് ആരോപണം. ഇതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം പൂജയുടെ അമ്മയ്ക്കെതിരെ പൂനെ പൊലീസ് കേസെടുത്തു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുത്തത്.
മുൽഷി താലൂക്കിൽ 25 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ച കേസിൽ പൂജയുടെ പിതാവും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർ നേരത്തെ പ്രതിയായിരുന്നു. മോഷക്കേസിലെ പ്രതിയെ മോചിപ്പിക്കാൻ ഡി.സി.പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കി എന്നും പൂജക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
സ്വകാര്യ ആഡംബര കാറിൽ സർക്കാരിന്റെ ബോർഡ്, അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കൽ, അഡിഷണൽ കളക്ടറുടെ ചേംബർ കൈയേറുക തുടങ്ങിയ ആരോപണങ്ങളാണ് പൂജക്കെതിരെ ആദ്യം ഉയർന്നത്. വിവാദമുയർതോടെ പൂനെ കളക്ടർ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. മകൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തിയതായും ആരോപണം ഉയർന്നു. അതിനിടെ, പൂജ സമർപ്പിച്ചിരുന്ന ജാതി സർട്ടിഫിക്കറ്റിനെച്ചൊല്ലിയും ഇവർ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിനെ സംബന്ധിച്ചും പരാതികളുണ്ടായി. തുടർച്ചയായി ആരോപണങ്ങളുയർതോടെ പൂജയ്‌ക്കെതിരേ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |