അങ്കോള (ഉത്തരകർണാടക ):അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാഴിക്കുഴിയിൽ അർജുനെ (30) കണ്ടെത്താനുള്ള രക്ഷാദൗത്യം അഞ്ചാം ദിവസവും ലക്ഷ്യം കണ്ടില്ല.
അതേസമയം, ഒൻപത് അടി താഴ്ചയിൽ അർജുൻ ഉണ്ടെന്ന്
ഇന്നലെ രാത്രി എട്ടു മണിയോടെ സൂചന ലഭിച്ചതായി അറിയുന്നു. രക്ഷാദൗത്യം രാത്രിയിലും തുടരാൻ തീരുമാനിച്ചു.
കാലാവസ്ഥ പ്രതിബന്ധം സൃഷ്ടിക്കാതിരുന്നാൽ, പുലരുന്നതിന് മുമ്പ് ലക്ഷ്യം കണ്ടേക്കാം.
മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്.
മണ്ണ് നീക്കുന്നതിനിടെ മഴ കനത്തത് ഇന്നലെ വൈകീട്ട് തിരച്ചിലിന് തിരിച്ചടിയായി.
രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു. മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. മണ്ണിനടിയിലേക്ക് നാല് മീറ്റർ മുതൽ 5 മീറ്റർ വരെ മാത്രമേ റഡാറിലൂടെ കാണാനാവുക. മഴ പെയ്ത് ചെളി നിറഞ്ഞതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്ന് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറഞ്ഞു.
വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോധ്യമായി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്ന് തിരച്ചിൽ നടത്തിയ നാവിക സേന ഉറപ്പിച്ച് പറയുന്നു. ശനിയാഴ്ച രാവിലെ ഏഴര മണിക്കാണ് അഞ്ചാം ദിവസത്തെ തിരച്ചിൽ ആരംഭിച്ചത്.
ലക്ഷ്യത്തിലേക്ക് 50 മീ.
മണ്ണുനീക്കൽ കഠിനം
# ലോറി കിടക്കുന്നുവെന്ന് കരുതുന്ന സ്ഥലത്ത് എത്താൻ അമ്പത് മീറ്റർ ഭാഗത്തെ മണ്ണ് നീക്കണം. ആറു മീറ്ററോളം ഉയരമുണ്ട് ഈ മൺകൂനയ്ക്ക്. 150 മീറ്റർ ഭാഗത്തെ മണ്ണ് മാറ്റിക്കഴിഞ്ഞു.
# മലയിലെ എട്ട് ഉറവകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാൽ ചെളിയിൽ മുങ്ങിയ സ്ഥലത്ത് ദുർഘട സാഹചര്യം. കുതിർന്ന മണ്ണും ഒരു ഭാഗം ഗംഗോലി പുഴയും ആയതിനാൽ കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല.
കർണ്ണാടകയുടെ ആവശ്യപ്രകാരം ആന്ധ്രയിൽ നിന്നുള്ള എൻ.ഡി. ആർ.എഫ് ബറ്റാലിയനിലെ രണ്ട് ടീം എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള റെസ്‌ക്യൂ ടീം എത്തിയെങ്കിലും ദൗത്യത്തിൽ ചേരാൻ കർണാടക അനുമതി നൽകിയിട്ടില്ല. കേരളത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല.
ആവശ്യപ്പെട്ടാൽ എത്താൻ സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ് കർണാടകയിൽ തന്നെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |