അങ്കോള (ഉത്തരകർണാടക ):അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനുള്ള ശനിയാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്. നിലവിൽ ഷിരൂരിൽ കോരിച്ചൊരിയുന്ന മഴയാണ് നേരത്തെ പത്ത് മണിവരെ രക്ഷാപ്രവർത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്.
ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചേക്കും. ഇപ്പോൾ തെരച്ചിൽ നടത്തുന്ന ഭാഗത്ത് അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടാവാൻ 70ശതമാനം സാദ്ധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറയുന്നു. അതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിന്റെ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ ഭാഗത്ത് റഡാറിൽ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്.
രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു. മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. മണ്ണിനടിയിലേക്ക് നാല് മീറ്റർ മുതൽ 5 മീറ്റർ വരെ മാത്രമേ റഡാറിലൂടെ കാണാനാവുക. മഴ പെയ്ത് ചെളി നിറഞ്ഞതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്ന് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറഞ്ഞു.
വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോധ്യമായി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്ന് തിരച്ചിൽ നടത്തിയ നാവിക സേന ഉറപ്പിച്ച് പറയുന്നു. ശനിയാഴ്ച രാവിലെ ഏഴര മണിക്കാണ് അഞ്ചാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചത്. ലോറി കിടക്കുന്നുവെന്ന് കരുതുന്ന സ്ഥലത്ത് എത്താൻ അമ്പത് മീറ്റർ ഭാഗത്തെ മണ്ണ് നീക്കണം. ആറു മീറ്ററോളം ഉയരമുണ്ട് ഈ മൺകൂനയ്ക്ക്. 150 മീറ്റർ ഭാഗത്തെ മണ്ണ് മാറ്റിക്കഴിഞ്ഞു. മലയിടിഞ്ഞ് 60,000 ടണ്ണോളം വരുന്ന കല്ലും മണ്ണും പാതയിലേക്ക് പതിച്ചിരുന്നു എന്നാണ് കണക്ക്. മലയിൽ നിന്ന് എട്ടോളം ഉറവകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാൽ ചെളിയിൽ മുങ്ങിയ സ്ഥലത്ത് ദുർഘട സാഹചര്യമാണുള്ളത്.
അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. ഏഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ഈ മാസം എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |