തലശ്ശേരി :തലായ് ബാലഗോപാല ക്ഷേത്രത്തിൽ കവർച്ച .പുറത്ത് തൂക്കിയിട്ട 11 തൂക്ക് വിളക്ക് ,ഉരുളി, ബക്കറ്റിൽ സൂക്ഷിച്ച നെയ് വിളക്കുകൾ ,ചട്ടുകം എന്നിവയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെയോടെയാണ് കവർച്ച നടന്നത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മഴ കനത്തതോടെ മേഖലയിൽ മോഷണം പതിവായിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് ആന്റി തെഫ്റ്റ് സ്‌ക്വാഡ് ഇല്ലാതായതോടെ തലശ്ശേരിയിലടക്കം മോഷണ പരമ്പരകൾ കൂടുന്നുവെന്ന പരാതിയുമുണ്ട്. പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നു. മുൻ ഡിജിപി ജേക്കബ് പുന്നൂസാണ് ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപികരിച്ചത്. ക്ഷേത്ര കവർച്ചകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് ഈ സ്‌ക്വാഡ് രൂപീകരിച്ചത്. ഇപ്പോഴത്തെ ഐ.ജി.വിജയനായിരുന്നു മേൽനോട്ടം.
സംസ്ഥാനത്തെ വൻ കവർച്ചകളായ പെരിയ ബാങ്ക്, പൊന്ന്യം ബാങ്ക്, ചേലമ്പ്ര ബാങ്ക് ഉൾപ്പെടെയുള്ള കവർച്ചകൾ തെളിയിച്ചതും ഈ സംഘമാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ കഴിവുറ്റ പൊലീസ് ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. ഈ സ്‌ക്വാഡ് പിരിച്ചുവിട്ടതോടെ സിസ്റ്റ് എന്ന പേരിൽ വീണ്ടും ഒരു ടീം രൂപികരിച്ചു. തീവ്രവാദ കേസ്സുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ. ആറ് മാസം കൂടുമ്പോൾ തൃശ്ശൂർ പൊലീസ് അക്കാദമിയിൽ സ്‌ക്വാഡ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നു. അതും നിലച്ച മട്ടിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |