ടെൽ അവീവ് : ഗാസയിൽ വീണ്ടും അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 15 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലാഹിലെ ഖദീജ സ്കൂളിലായിരുന്നു സംഭവം.
സ്കൂൾ പരിസരത്തെ ഹമാസ് കമാൻഡ് സെന്ററാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതികരിച്ചു. സ്കൂളിൽ നിന്ന് ഹമാസ് ആക്രമണങ്ങൾ നടത്തിയിരുന്നെന്നും ആക്രമണത്തിന് മുമ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അറിയിച്ചു. ഹമാസിന്റെ ആയുധങ്ങൾ ഇവിടെ ഒളിപ്പിച്ചിരുന്നെന്നും പറയുന്നു. ഇതിന് മുമ്പും സ്കൂളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് സമാന വിശദീകരണമാണ് ഇസ്രയേൽ നൽകിയിട്ടുള്ളത്. സാധാരണക്കാരെ അപകടപ്പെടുത്താൻ സ്കൂൾ, ആശുപത്രി പോലുള്ള ജനവാസ കേന്ദ്രങ്ങളെ ഹമാസ് ഉപയോഗിക്കുന്നെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അതേസമയം, തെക്കൻ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. ഇന്നലെ ഇവിടെ 14 പേർ കൊല്ലപ്പെട്ടു. ആളുകൾ അൽ- മവാസി മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ നിർദ്ദേശിച്ചു.
നാല് ദിവസത്തിനിടെ 1,82,000 പേരാണ് ഖാൻ യൂനിസിൽ നിന്ന് പലായനം ചെയ്തത്. കിഴക്കൻ ഖാൻ യൂനിസിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അൽ - ബുറെയ്ജ് അഭയാർത്ഥി ക്യാമ്പിലും റാഫ നഗരത്തിലുമായി പത്തോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതുവരെ 39,250ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |