ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയങ്കരിയാണ് ബാർബി പാവ. തിളക്കമാർന്ന കണ്ണുകളും പട്ടുപോലെ മിനുസമായ ഇടതൂർന്ന തലമുടിയുമുള്ള അതിമനോഹരമായ ഗൗണുകൾ ധരിച്ച ബാർബി പാവകളെ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്.
എന്നാൽ സമൂഹത്തിലെ വ്യക്തികളിൽ നിന്നും സ്വാധീനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട പ്രത്യേക എഡിഷൻ ബാർബികളും നിർമ്മാതാക്കളായ മാറ്റെൽ വിപണിയിൽ എത്തിക്കുന്നുണ്ട്. അത്തരത്തിൽ ലോകത്ത് ആദ്യമായി കാഴ്ച ശക്തിയില്ലാത്ത ബാർബി പാവക്കുട്ടിയെ പുറത്തിറക്കി മാതൃകയായിരിക്കുകയാണ് മാറ്റെൽ കമ്പനി.
ബ്ലൈൻഡ് ബാർബിയെ 15.47 യു.എസ് ഡോളറിന് ഓൺലൈനിൽ നിന്നോ പ്രത്യേക സ്റ്റോറുകളിൽ നിന്നോ സ്വന്തമാക്കാം. വെള്ളയും ചുവപ്പും കലർന്ന വടിയും സിൽവർ സൺഗ്ലാസും ബാർബിക്കുണ്ട്. സാറ്റിൻ പിങ്ക് ടോപ്പും ഇളം പർപ്പിൾ നിറത്തിലെ റഫ്ൾ സ്കർട്ടുമാണ് വേഷം. പായ്ക്കറ്റിന് പുറത്ത് ' ബാർബി" എന്ന് ബ്രെയിലി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ ഫൗണ്ടേഷൻ ഫോർ ദ ബ്ലൈൻഡുമായി ചേർന്നാണാണ് പാവയുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്. കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് പാവയെ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു. ഡൗൺ സിൻഡ്രോമുള്ളതും വീൽചെയറിൽ ഇരിക്കുന്നതും മുതൽ കൃത്രിമ കാല് ഉപയോഗിക്കുന്ന ബാർബികളെ വരെ കമ്പനി നേരത്തെ വിപണിയിലെത്തിച്ചിരുന്നു. ഒരു പാവ എന്നതിലുപരി സമൂഹത്തിൽ വെല്ലുവിളികളെ അതിജീവിക്കുന്നവർക്കുള്ള ആദരമായാണ് ഇത്തരം ബാർബികളെ കമ്പനി അവതരിപ്പിക്കുന്നത്.
സിനിമാ താരങ്ങൾ, ഹെലൻ കെല്ലർ, ബില്ലി ജീൻ കിംഗ്, സാലി റൈഡ്, മായ ആഞ്ചലോ, റോസ പാർക്ക്സ്, എല്ല ഫിറ്റ്‌സ്‌ജെറാൾഡ്, ഫ്ലോറൻസ് നൈറ്റിംഗേൽ, അമേലിയ എയർഹാർട്ട്, കാതറിൻ ജോൺസൺ, എലനോർ റൂസ്‌വെൽറ്റ്, സൂസൻ ബി. ആന്റണി, ഫ്രിഡ കാഹ്‌ലോ, നവോമി ഒസാക, എലിസബത്ത് രാജ്ഞി തുടങ്ങി ലോകത്തിന് പ്രചോദനമായി മാറിയ നിരവധി വനിതകളെയാണ് ബാർബി പാവകളുടെ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |