രണ്ടാമത്തെ പ്രണയ ബന്ധം ബ്രേക്കപ്പ് ആയപ്പോൾ കൂടുതൽ വിഷമമുണ്ടായെന്ന് അവതാരകയും ബിഗ് ബോസ് താരവും നടിയുമായ ആര്യ. വിഷാദരോഗം ബാധിച്ചതിനെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞു. 'ഞാനും എന്റെ ഭർത്താവും എന്ത് കാരണം കൊണ്ടാണ് പിരിഞ്ഞതെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ പിരിയാനുണ്ടായ കാരണത്തിൽ തെറ്റ് കൂടുതലും എന്റെ ഭാഗത്ത് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് അത് ഞാൻ ആക്സപ്റ്റ് ചെയ്യുന്നു.
ഒരു വിവാഹ മോചനം നടക്കുന്നതിൽ അല്ലെങ്കിൽ വിവാഹ ജീവിതത്തിൽ തെറ്റുകൾ എന്നുപറയുന്നത് ചീറ്റിംഗ് മാത്രമല്ല. എനിക്ക് വേറെ കാമുകനുണ്ടായത് കൊണ്ടാണ് ഞങ്ങൾ ഡിവോഴ്സായത് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
ഇവൾ വേറെ ഒരുത്തന്റെ കൂടെ പോയതുകൊണ്ടാണ് ഡിവോഴ്സായതെന്ന് ആൾക്കാരങ്ങ് തീരുമാനിച്ചു. അങ്ങനെ ഒരിടത്തും ഞാനോ എന്റെ മുൻ ഭർത്താവോ ഞങ്ങളുടെ വീട്ടുകാരോ പറഞ്ഞിട്ടില്ല. പിരിഞ്ഞതിന് ഞങ്ങൾക്ക് ഞങ്ങളുടേതായ കാരണങ്ങൾ ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന് പോലും അത് അറിയണമെന്നില്ല. അത് എന്റെയും അദ്ദേഹത്തിന്റെയും തീരുമാനമായിരുന്നു. വേണമെങ്കിൽ കുറേ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. അവിടെ ഞാൻ വാശി കാണിച്ചു. അതാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റെന്ന് പറയാൻ കാരണം. 23 വയസാണ്. പൊട്ടിയായിരുന്നു. 18 വയസിൽ കല്യാണം കഴിച്ചു. 21 വയസിൽ ഒരു കുട്ടിയുടെ അമ്മയായി.
ഡിവോഴ്സ് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിന് ശേഷമാണ് അടുത്ത റിലേഷനിലേക്ക് വരുന്നത്. ഈ വ്യക്തിയെ ഞാൻ പരിചയപ്പെടുന്നത് മുൻ ഭർത്താവിന്റെ പെങ്ങൾ വഴിയാണെന്നേയുള്ളൂ. അദ്ദേഹം പുള്ളിക്കാരിയുടെ കൈയിൽ നിന്ന് ഫോൺ നമ്പറെടുത്ത് ഒരു ഷോയ്ക്ക് വേണ്ടിയാണ് എന്നെ വിളിച്ചത്. പിന്നെ പതിയെ സംസാരിക്കാൻ തുടങ്ങി, സുഹൃത്തുക്കളായി. പിന്നെയാണ് പ്രണയത്തിലേക്ക് മാറിയത്. ഈ റിലേഷനിൽ ഞാൻ ഭയങ്കര ഇൻവോൾവ്ഡ് ആയിരുന്നു.
ബ്രോക്കൺ മാര്യേജിനെ ചുറ്റിപ്പറ്റി കുറേ പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇനി ഒരു റിലേഷൻഷിപ്പ് ഉണ്ടാകുമ്പോൾ അത് പ്രോപ്പർ, സ്‌ട്രോംഗ് ആയിരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ റിലേഷൻഷിപ്പിലേക്ക് കടക്കുമ്പോൾ അതെനിക്കൊരു ടൈംപാസ് ഒന്നുമായിരുന്നില്ല.
ഞങ്ങൾ കല്യാണം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു. അത് പെട്ടെന്ന് പോയപ്പോൾ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല. ഡിപ്രഷനിലായി. ഡിപ്രഷൻ സമയത്തൊക്കെ മുൻ ഭർത്താവിനെ തിരിച്ച് വിളിച്ച് സോറി പറഞ്ഞ് തിരിച്ച് പോയാലോ എന്നൊക്കെ തോന്നിയിരുന്നു. അദ്ദേഹം വേറെ റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഗേൾഫ്രണ്ട് ഉള്ളതൊക്കെ എനിക്ക് അറിയാം. അതിന്റെ ഇടയിൽ കയറി എനിക്കത് പറയാനുള്ള ധൈര്യം വന്നില്ല.
പിന്നെ അവർ വിവാഹം കഴിച്ച്, ഹാപ്പിയായി ജീവിക്കുന്നു. അത് കാണുമ്പോൾ എവിടെയോ ഒരു ആശ്വാസം തോന്നി. ഞാനല്ല, അവരാണ് ഒന്നിക്കേണ്ടവർ എന്ന് തോന്നി. ഞങ്ങളുടെ കുഞ്ഞ് വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ്. അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കുന്നു.
ഡിപ്രഷൻ വന്ന സമയത്ത് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഉറക്ക ഗുളിക കഴിച്ചിട്ട്. അതിൽ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് മകളാണ്. ലോക്ക്ഡൗണിന്റെ സമയത്താണ് ഈ അവസ്ഥയിൽപ്പെട്ടത്. എനിക്കാരെയും കാണാൻ പറ്റുന്നില്ല. കാണുന്നത് കുഞ്ഞിനെ മാത്രമാണ്.
ഞാൻ ഇല്ലാതായാൽ എന്റെ കുഞ്ഞ് എന്ത് ചെയ്യും? എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ആത്മഹത്യ ചെയ്‌തേനെ. ഒരു ആൾ അവിടെയുണ്ടെന്ന തോന്നൽ. അച്ഛനില്ല. അമ്മ, അനിയത്തി, കുഞ്ഞ്. അവർക്കൊരു സപ്പോർട്ട് സിസ്റ്റം ഞാനാണ്. ഞാൻ പോയാൽ ഇവരെന്ത് ചെയ്യും. എന്റെ കുഞ്ഞ് എന്ത് ചെയ്യും.എന്റെ കുഞ്ഞിനെ അവളുടെ അച്ഛൻ പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയാം. എന്നാൽ പോലും ബ്രേക്കപ്പ് ആയതുകൊണ്ട് അമ്മ ആത്മഹത്യ ചെയ്തതല്ലേ എന്ന് എല്ലാവരും അവളോട് ചോദിക്കില്ലേ. പിന്നെ ഞാൻ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി. അവരെന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.'- ആര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |