ഒക്ടോബർ 31 വരെ സമയം
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ രൂക്ഷമായി ശകാരിച്ച സുപ്രീംകോടതി, പരീക്ഷാ പ്രക്രിയ അടിമുടി ഉടച്ചുവാർക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവ് നൽകി.
പിഴവുകൾ പരിഹരിക്കാൻ നിയോഗിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ വിദഗ്ദ്ധപാനൽ സെപ്റ്റംബർ 30നകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശകൾ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം പരീക്ഷ സമഗ്രമായി പരിഷ്കരിക്കാൻ നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.
നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് ജൂലായ് 23ന് വിധിച്ച ബെഞ്ച് ഇന്നലെ വിശദമായ വിധി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ചീഫ് ജസ്റ്റിസ് തന്നെ എഴുതിയ വിധിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇത് ആവർത്തിക്കരുതെന്ന് താക്കീതും നൽകി. പിഴവുകളിൽ എൻ.ടി. എയുടെ മലക്കം മറിച്ചിലുകൾ വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്ക് നിരക്കുന്നതായില്ലെന്ന് കേന്ദ്രത്തിനും എൻ.ടി. എക്കും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത്തയെ കോടതി ഓർമ്മിപ്പിച്ചു.
ചോദ്യപേപ്പർ തെറ്റിയതിനാൽ സമയം തികയാത്ത 1563 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകി. അവർക്ക് വീണ്ടും പരീക്ഷ നടത്തേണ്ടി വന്നു. ഫിസിക്‌സിലെ ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകി. ഇതുകാരണം 44 പേർക്ക് മുഴുവൻ മാർക്കും( 720 ) ലഭിച്ചു. ഒരു ശരിയുത്തരം തീരുമാനിച്ച് ഫലം പുതുക്കിയപ്പോൾ 17 പേർക്ക് മാത്രമായി ഒന്നാംറാങ്ക് - കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷാവീഴ്ച പരിഹരിക്കണം
ജാർഖണ്ഡിലെ ഹസാരിബാഗിലും, ബീഹാറിലെ പാട്നയിലുമാണ് ചോദ്യപേപ്പർ ചോർന്നത്. അതിലൊരു സെന്ററിൽ സ്ട്രോങ് റൂമിന്റെ തുറന്നു കിടന്ന പിൻവാതിലൂടെ ചോദ്യപേപ്പർ കടത്തി. സുരക്ഷയിലെ വൻവീഴ്ചയാണിത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെ എല്ലാഘട്ടങ്ങളിലും കർശനസുരക്ഷ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |