തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,470 രൂപയുമായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 51,840 രൂപയായിരുന്നു. മൂന്ന് ദിവസമായി ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായ ആകെ വർദ്ധനവ് 1280 രൂപയാണ്.
സംസ്ഥാനത്തെ വെളളിവിലയിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 90.90 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 90 രൂപയായിരുന്നു.
സ്വർണത്തിന് തിളക്കമേറുന്നു
രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കയിൽ തൊഴിൽ മേഖല ദുർബലമായതും ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. സെപ്തംബറിൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന വാർത്തകളും അനുകൂലമായി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,463 ഡോളറിലാണ്. റെക്കാഡ് ഉയരത്തിൽ നിന്നും 20 ഡോളർ അകലെയാണ് വില ഇപ്പോൾ. കഴിഞ്ഞ വാരം വിലയിൽ 3.2 ശതമാനം വർദ്ധനയാണുണ്ടായത്.
ആഗോളവില
ആഗോള മേഖലയിലെ പ്രതികൂല വാർത്തകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. മുംബയ് ഓഹരി സൂചികയായ സെൻസെക്‌സ് 885.6 പോയിന്റ് നഷ്‌ടവുമായി 80,981.95ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 293 പോയിന്റ് ഇടിഞ്ഞ് 24,717ൽ എത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വില്പന സമ്മർദ്ദം ശക്തമാക്കി. ഐ.ടി, വാഹന മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ മാത്രം കമ്പനികളുടെ നിക്ഷേപ മൂല്യത്തിൽ 4.6 ലക്ഷം കോടി രൂപയുടെ നഷ്‌ടം നേരിട്ടു.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന ലാഭത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരുന്നതും നിക്ഷേപകരെ നിരാശരാക്കി.
നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ പെപ്തംബറിൽ പലിശ നിരക്കിൽ കുറവ് വരുത്തുമെന്ന് ഫെഡറൽ റിസർവ് സൂചന നൽകിയതും വില്പന സമ്മർദ്ദം ഉയർത്തി. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികൾ.
അടിതെറ്റി രൂപ
ഓഹരി വിപണിയിലെ തകർച്ചയും മദ്ധ്യ പൂർവേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഡോളറിനെതിരെ രൂപയുടെ റെക്കാഡ് താഴ്ചയിലെത്തിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപ 0.04 ശതമാനം ഇടിഞ്ഞ് 83.75ൽ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതാണ് ഒരു പരിധി വരെ രൂപയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. അമേരിക്കയിലെ സാമ്പത്തിക മേഖല തളർച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് ഓഹരി വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |