SignIn
Kerala Kaumudi Online
Saturday, 03 August 2024 1.45 PM IST

ഉരുൾപൊട്ടലിൽ തകർന്ന മേപ്പാടിയിൽ ഓരോ വർഷവും ഉയരുന്നത് 400ൽ അധികം കെട്ടിടങ്ങൾ; കൂടുതലും അനധികൃതം

wayanad

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിൽ വർഷാവർഷം നിർമാണപ്രവർത്തനങ്ങൾ വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കി സർക്കാർ രേഖകൾ. ടൂറിസം മേഖലയിലാണ് കൂടുതൽ നിർമിതികളും നടക്കുന്നത്.

തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത പാർപ്പിട, പാർപ്പിടേതര നിർമാണങ്ങളിൽ 380ലധികം കെട്ടിടങ്ങൾ പഞ്ചായത്ത് പരിധിയിൽ ഓരോ വർഷവും ഉയർന്നുവരുന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 കാലയളവിൽ 431 പുതിയ കെട്ടിടങ്ങളാണ് പഞ്ചായത്തിൽ ഉയർന്നത്. 2016-17 കാലത്ത് ഇത് 385 ആയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പട്ടിക പ്രകാരം മേപ്പാടി പഞ്ചായത്തിൽ 44 അനധികൃത റിസോർട്ടുകളുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി നൗഷാദലി പറഞ്ഞു. 'പഞ്ചായത്തിന്റെ പരിധിയിലുള്ള മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഞങ്ങൾക്ക് പട്ടിക ലഭിച്ചത്. മുണ്ടക്കൈയിലും നിരവധി റിസോർട്ടുകളുടെ നിർമാണം നടന്നുവരികയായിരുന്നു. റിസോർട്ട് ഉടമകളിൽ നിന്ന് പഞ്ചായത്തിന് ഭീഷണികൾ ഉണ്ടാകാറുണ്ട്.

തിങ്കളാഴ്‌ച ടൂറിസ്റ്റുകളുമായെത്തിയ വാഹനത്തെ കനത്ത മഴ ചൂണ്ടിക്കാട്ടി തിരികെ അയച്ചിരുന്നു. മുണ്ടക്കൈയിലെ അനധികൃത റിസോർട്ടിൽ പതിനായിരം രൂപയ്ക്കാണ് ഇവർക്ക് മുറി ബുക്ക് ചെയ്തിരുന്നത്. മുണ്ടക്കൈയിൽ മുൻപ് വന്യമൃഗങ്ങളും മറ്റും ചുറ്റിത്തിരിയാറുണ്ടായിരുന്നു. എന്നാൽ റിസോർട്ടുകാർ പടക്കമെറിഞ്ഞും റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചും അവരെ തുരത്തിയോടിച്ചു'- നൗഷാദലി വ്യക്തമാക്കി.

ടൂറിസ്റ്റ് ഹോമുകൾ, ഡോർമിറ്ററികൾ മുതലായവ ഉൾപ്പെടുന്ന എ2 വിഭാഗത്തിൽ നിരവധി കെട്ടിടങ്ങൾ വരുന്നതിനാൽ മേപ്പാടിയിൽ റിസോർട്ടുകളുടെ നിർമ്മാണത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും നൗഷാദലി പറയുന്നു.

'എ2 വിഭാഗത്തിൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾ പണിയാൻ നാല് മാസത്തിനിടെ 30 അപേക്ഷകളാണ് എനിക്ക് ലഭിച്ചത്. ഇവയെല്ലാം 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവയാണ്. 1500 ചതുരശ്ര അടിക്ക് താഴെയുള്ള നിരവധി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു'- പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവരങ്ങൾ അനുസരിച്ച് വെള്ളാർമല വില്ലേജിന് കീഴിലുള്ള സ്ഥലങ്ങൾ ഉയർന്ന ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്. പുത്തുമല, മുണ്ടക്കൈ, വെള്ളാർമല വനമേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

വയനാട്ടിലെ ഒട്ടുമിക്ക കെട്ടിടങ്ങളും ഉൾപ്പെടുന്നത് കൽപ്പറ്റ ബ്ലോക്കിലാണ്. രേഖകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ കൽപ്പറ്റ ബ്ലോക്കിൽ 3,662 പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. മേപ്പാടി, വൈത്തിരി പഞ്ചായത്തുകൾ ഈ ബ്ലോക്കിലാണ് ഉൾപ്പെടുന്നത്. ഓരോ വർഷവും 12,000ലധികം പുതിയ കെട്ടിടങ്ങളാണ് ജില്ലയിൽ ഉയരുന്നത്. ഇവയിൽ മിക്കതും പാർപ്പിടങ്ങളാണ്.


പഠനമനുസരിച്ച്, 1950കൾ വരെ വയനാടിന്റെ 85 ശതമാനവും വനമേഖലയിലായിരുന്നു. എന്നാൽ വനനശീകരണം മൂലം 2018 ആയപ്പോഴേക്കും വനത്തിന്റെ 62 ശതമാനം അപ്രത്യക്ഷമായി. ഇത് ജില്ലയെ വ്യാപകമായ ഉരുൾപൊട്ടൽ ഭീഷണികൾക്ക് വിധേയമാക്കി. ഇക്കാലയളവിൽ തോട്ടങ്ങളുടെ വിസ്തൃതി വർദ്ധിച്ച വയനാട്ടിലെ വനനശീകരണത്തിന് സർക്കാർ നയം കാരണമായെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WAYANAD TRAGEDY, MEPPADI LANDSLIDE, HOUSES RISING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.