ആസ്വാദകരെ ഹരം കൊള്ളിച്ച, ത്രസിപ്പിച്ച നർത്തകിയായിരുന്നു യാമിനി കൃഷ്ണമൂർത്തി. ഒരർത്ഥത്തിൽ ഇന്ത്യൻ നൃത്തരംഗത്തെ ആദ്യ സൂപ്പർ സ്റ്റാർ. ഗ്രേറ്റ് ഡാൻസർ എന്ന വിശേഷണത്തിന് അർഹ.
പ്രേക്ഷകനുമായി സംവദിക്കുകയും പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ
നൃത്തത്തെ ജനകീയമാക്കുകയും ചെയ്ത ഖ്യാതി യാമിനിക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യൻ നൃത്തത്തിന്റെ ലോക മുഖമായിരുന്നു അവർ. യാമിനി നൃത്തം ചെയ്യാത്ത രാജ്യങ്ങളില്ലായിരുന്നു. സംസ്കൃത പണ്ഡിതനായ അച്ഛന്റെ സ്വാധീനം അതിനു വഴിതെളിച്ചെങ്കിലും ഭരതനാട്യത്തിലും കുച്ചുപ്പുഡിയിലും അവർക്കുള്ള അവഗാഹം ആർക്കും ചോദ്യം ചെയ്യാനാകുന്നതായിരുന്നില്ല.
യാമിനിയുടെ നൃത്തവേദികളിൽ എപ്പോഴും വൻ തിരക്കായിരുന്നു. അനുപമമായ
ആകാരവടിവും അംഗ ചലനങ്ങളും അവർക്ക് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു. കണ്ണുകളുടെ ചലനങ്ങളിലൂടെപ്പോലും നൃത്താഭിനയത്തിന്റെ മാസ്മരികത അവർ പ്രകടമാക്കി. ചലച്ചിത്ര താരങ്ങളെ മറികടക്കുന്ന സൗന്ദര്യം, വേഷവിധാനങ്ങളിലെ വ്യത്യസ്ഥത ഇതെല്ലാം യാമിനിയുടെ പ്രത്യേകതകളായിരുന്നു. 1960 കളിലും 70 കളിലും അവർ
നൃത്തവേദികൾ കൈയടക്കി. രുക്മിണി അരുൺഡേലിൽ നിന്നും നൃത്തം അഭ്യസിച്ച യാമിനി ശാസ്ത്രീയ സംഗീതത്തിൽ എം.ഡി.രാമനാഥനിൽ നിന്നു പരിശീലനം നേടിയിട്ടുണ്ട്. കുച്ചുപ്പുഡി എന്ന കലാരൂപത്തിന് ഇത്രയും പ്രാധാന്യം നേടിക്കൊടുത്തതിനു പിന്നിലും
യാമിനി കൃഷ്ണമൂർത്തി നിർണായക പങ്കുവഹിച്ചു. ആരാധകവൃന്ദത്തിന്റെ നടുവിൽ താര പരിവേഷത്തോടെയായിരുന്നു യാമിനിയുടെ നൃത്തയാത്രകൾ. അവിവാഹിതയായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതിനുള്ള അവസരം ലഭിച്ചില്ലെന്നായിരുന്നു മറുപടി.എന്നാൽ തന്റെ ശിഷ്യഗണങ്ങളെല്ലാം തന്റെ കുട്ടികളാണെന്നും അവർ പറഞ്ഞിട്ടുണ്ട്. പ്രശസ്ത ഭരതനാട്യ നർത്തകി രമാ വൈദ്യനാഥൻ പ്രമുഖ ശിഷ്യയാണ്. ഇന്ത്യൻ നൃത്തകലയിലെ സുവർണ്ണതാരമാണ് എൺപത്തി നാലാം വയസിൽ യാത്രയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |