കൊച്ചി: വിപണിയിൽ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കിംഗ് രംഗത്ത് പോരാട്ടം ശക്തമാകുന്നു. വാണിജ്യ ബാങ്കുകൾ തുടർച്ചയായി പലിശ വർദ്ധിപ്പിച്ചിട്ടും നിക്ഷേപ സമാഹരണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. സ്വർണം, ഓഹരി, കടപ്പത്രങ്ങൾ എന്നിവയിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നതാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം കുറയ്ക്കുന്നത്. ഇതിനിടെ വിപണിയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കുമായി സ്മാൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപ സമാഹരണത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു.
ഇക്വിറ്റാസ്, ഉജ്ജീവൻ, ബന്ധൻ തുടങ്ങിയ സ്‌മാൾ ഫിനാൻസ് ബാങ്കുകൾ 15 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഒൻപത് ശതമാനം വരെ പലിശയാണ് നൽകുന്നത്. ഇത്രയും ചെറിയ കാലയളവിൽ നിക്ഷേപങ്ങൾക്ക് മറ്റ് ബാങ്കുകളൊന്നും ഇത്രയും ഉയർന്ന പലിശ നൽകുന്നില്ല.
തുടർച്ചയായി എട്ടാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരം ശക്തമാണ്.നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ അനുകൂല ഘടകം. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.
ഇക്വിറ്റാസ് ബാങ്ക്
444 ദിവസത്തേക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഒൻപത് ശതമാനം പലിശ നൽകുന്ന ഇക്വിറ്റാസ് ബാങ്കാണ് ഇപ്പോഴത്തെ താരം.
ഉജ്ജീവൻ ബാങ്ക്
ഒരു വർഷ കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉജ്ജീവൻ ബാങ്ക് 8.75 ശതമാനം പലിശ നൽകുന്നു.
ബന്ധൻ ബാങ്ക്
ഒരു വർഷത്തെ നിക്ഷേപത്തിന് ബന്ധൻ ബാങ്ക് 8.35 ശതമാനം പലിശയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇൻഡസ് ഇൻഡ്
ഒരു വർഷത്തേക്ക് ഇൻഡസ് ഇൻഡ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ 8.25 ശതമാനമാണ്.
എസ്.ബി.ഐ അറ്റാദായത്തിൽ നേരിയ വളർച്ച
കൊച്ചി: നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 0.89 ശതമാനം വർദ്ധനയോടെ 17,035.16 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 16,884 കോടി രൂപയായിരുന്നു. കിട്ടാക്കടങ്ങളുടെ പേരിൽ അധിക തുക മാറ്റിവെച്ചതാണ്(പ്രൊവിഷനിംഗ്) ലാഭം കുറയാനിടയാക്കിയത്. മുൻവർഷം ജൂൺ പാദത്തിലേക്കാൾ പ്രൊവിഷനിംഗ് 37.9 ശതമാനം ഉയർന്ന് 3,449.42 കോടി രൂപയിലെത്തിയിരുന്നു.
അവലോകന കാലയളവിൽ അറ്റ പലിശ വരുമാനം 5.7 ശതമാനം വർദ്ധിച്ച് 41,125.5 കോടി രൂപയിലെത്തി. പലിശ വരുമാനത്തിൽ നിന്നുള്ള ലാഭം 3.35 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി ജൂൺ 30ന് അവസാനിച്ച കാലയളവിൽ 2.21 ശതമാനമായി മെച്ചപ്പെട്ടു.
ഇക്കാലയളവിൽ വായ്പാ വിതരണത്തിൽ മികച്ച വളർച്ച ദൃശ്യമായി. ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ വായ്പാ വിതരണം 15.39 ശതമാനം ഉയർന്ന് 32.18 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കാർഷിക മേഖലകളിലാണ് വായ്പാ വിതരണം മെച്ചപ്പെട്ടത്. അതേസമം നിക്ഷേപ സമാഹരണം 8.18 ശതമാനം വളർച്ചയോടെ 49 ലക്ഷം കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |