തിരുവനന്തപുരം: അമ്മയുടെ നെഞ്ചിന്റെ ചൂടുപറ്റി ഒന്നുമറിയാതെ ഉറങ്ങിയിരുന്ന പിഞ്ചുകുഞ്ഞും, സുന്ദര സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്നവരും ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചിന്നിച്ചതറിയ ശരീര ഭാഗങ്ങളായി ആർത്തലച്ച് കലിപൂണ്ട് പായുന്ന പുഴയിലൂടെ ഒഴുകി നടക്കുന്നു. പലതിനും തലയില്ല. ചിലതിൽ ശരീരത്തിന്റെ പകുതി മാത്രം. ചിലതിലുള്ളത് വെറും തൊലിമാത്രം. മാംസവും എല്ലുമൊക്കെ എവിടെയോ നഷ്ടപ്പെട്ടു...
ഉയിരകന്ന്, ഉടൽ തകർന്ന് ഒഴുകിയ നീങ്ങുന്ന സഹജീവികളുടെ ശരീരങ്ങൾ സ്വന്തം ജീവനെപ്പോലും തൃണവദ്ഗണിച്ചുകൊണ്ട്, വിരൽവച്ചാൽ മുറിഞ്ഞുപോകുന്ന രീതിയിൽ ഒഴുകിയിരുന്ന ചാലിയാറിൽ നിന്ന് വീണ്ടെടുത്ത ഒരുകൂട്ടം മനുഷ്യരുണ്ട്. ഇതിൽ എല്ലാ സംഘടനയിൽപ്പെട്ടവരും വിവിധ മതവിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു. ആരെന്നുപോലും അറിയാത്ത, ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവരെ സ്വന്തം സഹോദരങ്ങളും മാതാപിതാക്കളുമായി കണ്ട് അവർ നടത്തിയ പ്രവൃത്തി ഒരിക്കലും വാക്കുകൊണ്ട് വിവരിക്കാനാവില്ല. അവർ ദൈവത്തിന് പകരക്കാരല്ല, സാക്ഷാൽ ദൈവംപോലും എഴുന്നേറ്റ് നിന്ന് തൊഴുതുപോകുന്നവർ. ജലീൽ, ഷാനവാസ്, സത്യൻ,ശിഹാബുദ്ദീൻ അങ്ങനെ എത്രപേർ.
ഒരു ചില്ലിക്കാശ് പ്രതിഫലം ആഗ്രഹിക്കാതെ, ദിവസങ്ങളോളം ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ചായിരുന്നു അവരുടെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾ. വിവരങ്ങൾ അറിയാൻ ഞങ്ങൾ ഫോൺവിളിക്കുമ്പോൾ എവിടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന ചോദ്യത്തോടെയാണ് അവർ ഫോണെടുക്കുന്നതുതന്നെ. പലരും സംസാരം ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് തെരച്ചിലിന്റെ വേഗം കൂട്ടി. അവരുടെ അനുഭവങ്ങളിലൂടെ...
ജീവനുള്ള കാലത്തോളം മറക്കില്ല ആ കാഴ്ച
ദുരന്തം ഉണ്ടായ അന്നുമുതൽ ചാലിയാറിൽ തെരച്ചിൽ പ്രവർത്തനത്തിൽ സജീവമായ വ്യക്തിയാണ് ഡിവൈഎഫ്ഐ നേതാവുകൂടിയായ മലപ്പുറം സ്വദേശി ഷാനവാസ്. രക്ഷാപ്രവർത്തനത്തിനിടെ ചാലിയാറിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഷാനവാസിന്റെയും ഒപ്പമുളളവരുടെയും ജീവനും അവസാനിച്ചേനെ. പക്ഷേ, അതിനെക്കുറിച്ചൊന്നും അദ്ദേഹത്തിന് ഭയമേ ഇല്ല. നിരവധി മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും നദിയിൽ നിന്ന് വീണ്ടെടുത്തെങ്കിലും ഒരാളെപ്പോലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ മാത്രമാണ് അദ്ദേഹത്തിന്.
ഷാനവാസ് പറയുന്നത്
തലേദിവസമേ മഴ ശക്തമായിരുന്നു. പുലർച്ചെ മൂന്നുമണിയാേടെ ചാലിയാറിൽ വെള്ളംപൊങ്ങിയെന്നുപറഞ്ഞ് കോൾ വന്നു. പനയറ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള സ്കെയിൽ നോക്കുമ്പോൾ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയെന്നറിഞ്ഞു. ഇതിനിടെ നദിയിലൂടെ ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുള്ള വീട്ടുസാധനങ്ങൾ ഒഴുകിപ്പോകുന്നതുകണ്ടു. അതോടെ ദുരന്തം പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് മനസിലായി.
ഏഴുമണിയാേടെയാണ് നദിയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെന്നുള്ള ഫോൺകോൾ ലഭിച്ചത്. പേടിപ്പെടുത്തിക്കൊണ്ട് ആർത്തലച്ച് ഒഴുകുകയായിരുന്നു ചാലിയാർ. പക്ഷേ ഒന്നിനെയും ഭയക്കാതെ ഞങ്ങൾ ഒരുകൂട്ടം ആൾക്കാർ മൃതദേഹം കണ്ട ഭാഗത്തേക്ക് പാഞ്ഞു. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അവിടെ കണ്ടത്. കടപുഴകിയെത്തിയ മരങ്ങളുടെ കൂട്ടത്തിൽ ഒരു വൻമരത്തിനെ സ്വന്തം അമ്മയോടെന്നവണം ചേർന്നുകിടക്കുകയായിരുന്നു ആ നാലുവയസുകാരൻ. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും ശാന്തമായി ഉറങ്ങുന്നതുപോലെ. ഏറെ സാഹസപ്പെട്ടാണ് മൃതദേഹം കരയിലേക്കെടുത്തത്.
പിന്നീട് മൃതദേഹ ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെന്നുളള ഫോൺവിളികളുടെ പ്രളയമായിരുന്നു. പൂർണമായി കിട്ടിയ മൃതദേഹങ്ങളിൽ പലതും ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. അരയ്ക്ക് കീഴ്‌പ്പോട്ടും മുകൾ ഭാഗവും ഇല്ലാത്ത ശരീരങ്ങൾ, കൈകൾ, കാലുകൾ... കൂടുതൽ മൃതദേഹങ്ങൾക്കും തലയുണ്ടായിരുന്നില്ല. ഒരു മടിയും കൂടാതെ ഓരോഭാഗവും വാരിക്കൂട്ടി. തിരച്ചിൽ തുടങ്ങി ആദ്യദിവസം ലഭിച്ച ഒരു സ്ത്രീയുടെ മൃതദേഹം മറയ്ക്കാൻ സ്വന്തം ഉടുമുണ്ടുപയോഗിക്കേണ്ടിവന്നു.
പിറ്റേന്നുമുതൽ കുറച്ച് പുതപ്പുകളുമായിട്ടായിരുന്നു യാത്ര. ഇതിൽ മൃതദേഹ ഭാഗങ്ങൾ ശേഖരിച്ച് കമ്പിൽകെട്ടി തോളിൽ വച്ചുകൊണ്ടായിരുന്നു യാത്ര. ആനയിറങ്ങുന്ന കാട്ടിൽ കാൽ ചവിട്ടി നടക്കാൻ ഒരു വഴിപോലുമില്ലാത്ത അവസ്ഥ. ചെങ്കുത്തായ കയറ്റത്തിലൂടെ കയറുമ്പോൾ കാൽ വയ്ക്കുന്ന സ്ഥലം ഇടിഞ്ഞ് താഴെ നദിയിൽ പതിക്കുന്നു. അല്പമൊന്ന് തെറ്റിയാൽ ജീവിതം അതോടെ തീരും. മുള്ളുനിറഞ്ഞ വള്ളികളിലും മറ്റും പിടിച്ചുതൂങ്ങിയായിരുന്നു യാത്ര. കൈകാലുകളിലും ശരീരത്തിലും നിറയെ മുറിവുകളായെങ്കിലും ഒന്നും തളർത്തിയില്ല. അല്പം ബ്രെഡ് മാത്രമായിരുന്നു കഴിക്കാൻ കൊണ്ടുപോകുന്നത്. കുറച്ചുകഴിയുമ്പോൾ തന്നെ അതുതീരും. പിന്നെ ചോലയിലെ വെള്ളവും മഴവെള്ളവുമൊക്കെ കൊണ്ടാണ് വിശപ്പടക്കിയത്. ശരിക്കും വിശപ്പും ദാഹവും ഇല്ലാതിരുന്നു എന്നുപറയുന്നതാവും ശരി. ഓരോദിവസവും കിലോമീറ്ററുകളാണ് ഇങ്ങനെ നടന്നത്. ആനയിറങ്ങുന്ന കാടായിരുന്നെങ്കിലും ഒരു ആനപോലും വഴിമുടക്കി എത്തിയില്ല.
മൃതദേഹ ഭാഗങ്ങളുമായി റബർ ഡിങ്കിയിൽ ചാലിയാർ മുറിച്ചുകടക്കുമ്പോഴാണ് മരണത്തെ തൊട്ടുമുന്നിൽ കണ്ടത്. നദിയുടെ നടുവിലെത്തിയപ്പോൾ ഡിങ്കിയിലെ യന്ത്രം പ്രവർത്തിക്കാതായി. കുത്തൊഴുക്കിൽ ഡിങ്കി താഴേക്ക് പോയി. എന്തുവന്നാലും മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ചു. ഒടുവിൽ ഡിങ്കിയിലുണ്ടായിരുന്ന ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കയറുമായി നദിയിലേക്ക് ചാടി ഒരുതരത്തിൽ ഡിങ്കി കരയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.അങ്ങനെ അതിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു.
മരവിച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ജലീൽ
പോത്തുകൽ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗമാണ് ജലീൽ. ദുരന്തത്തിന്റെ തലേന്ന് കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ ഉറക്കം ഒഴിഞ്ഞ് ഇരിക്കുകയായിരുന്നു ജലീൽ. ഒപ്പം മറ്റുചിലരും. വയനാട്ടിൽ മഴയുണ്ടായാൽ മണിക്കൂറുകൾക്കകം ചാലിയാറിൽ വെള്ളം പൊങ്ങും. അത്തരത്തിലൊരു അവസ്ഥ ഉണ്ടായാൽ മുന്നറിയിപ്പ് നൽകി രക്ഷപ്പെടുത്താനായിരുന്നു ഉറക്കമൊഴിച്ച് കാത്തിരുന്നത്. മലപ്പുറം ജില്ലയിലെ അതിർത്തി പഞ്ചായത്തായതിനാൽ പോത്തുകല്ലിലെയും വയനാട്ടിലെ മേപ്പാടിയിലെ ആൾക്കാരെയും ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. അതിലൂടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായെന്നും കരുതിയിരിക്കണമെന്നും മുന്നറിപ്പ് ലഭിച്ചത്.
ചാലിയാറിന്റെ കരയിലുള്ളവരെ വിളിച്ചുണർത്തി ക്യാമ്പിലേക്ക് മാറ്റാൻ എത്തിയപ്പോഴേക്കും വെളളം ഉയർന്നിരുന്നു. അല്പം കഴിഞ്ഞതോടെ വയനാട്ടിലെ ഉരുൾപൊട്ടൽ ശക്തമാണെന്നും നിരവധി തവണ പൊട്ടലുണ്ടായെന്നും അറിയിപ്പ് വന്നു. അതിനിടെ തന്നെ ചാലിയാറിലെ വെള്ളം പൊങ്ങി. ഒഴുക്ക് ശക്തമായി. വീട്ടുസാധങ്ങൾ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ തന്നെ അപകടത്തിന്റെ ഗൗരവം മനസിലായി. നേരം വെളുത്തുവന്നതോടെ പലയിടങ്ങിലും മൃതദേഹങ്ങൾ കണ്ടതായി വിളിവച്ചു. മറ്റൊന്നും നോക്കാതെ അവ വീണ്ടെടുക്കാൻ മുന്നിട്ടറങ്ങി. ഓരോ ശരീരഭാവും കാണുമ്പോൾ അറപ്പോ ഭീതിയോ അല്ല. നമ്മുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണെന്ന തോന്നൽ മാത്രമാണ് ഉണ്ടായത്. ലഭിച്ച മൃതദേഹങ്ങളിൽ ഭൂരിഭാഗത്തിനും തലയുണ്ടായിരുന്നില്ല. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് പതിച്ചതിനാലും കുത്തൊഴുക്കിൽ മരങ്ങളിലും പാറകളിലും ഇടിച്ചതുകൊണ്ടായിരിക്കാം അങ്ങനെയുണ്ടായത്.
പുഴയുടെ ഇരുവശങ്ങളിലും മൺതിട്ടയിൽ ഇപ്പോഴും മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുന്നുണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഒരു സംഭവം തന്നെ ഉദാഹരണം.രാത്രിയിൽ തെരച്ചിൽ അവസാനിപ്പിച്ച് ശരീരം വൃത്തിയാക്കുമ്പോഴാണ് ഒരു മൃതദേഹ ഭാഗം കണ്ടെന്ന ഫോൺകോൾ എത്തുന്നത്. അത് കാണാൻ ഇടയായ സാഹചര്യം ഓർക്കുമ്പോൾ ഞെട്ടാതിരിക്കാൻ ആർക്കും ആവില്ല. ഇരുട്ടിൽ പട്ടികൾ കടിപിടികൂടുന്നതുകണ്ട് ടോർച്ചുതെളിച്ചുനോക്കുമ്പോൾ മണ്ണിലുറച്ചുപോയ ഒരു മനുഷ്യന്റെ അരയ്ക്കുമുകളിലേക്കുള്ളഭാഗം. മറ്റൊന്നും നോക്കാതെ അത് പുറത്തെടുത്ത് വൃത്തിയാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കുറച്ചുമണിക്കൂറുകൾക്കുമുമ്പുവരെ ഓജസോടും തേജസോടും കൂടി ഓടിനടന്ന മനുഷ്യരാണ് ഇങ്ങനെ കിടക്കുന്നതെന്ന് ആലോചിച്ചപ്പോൾ മനുഷ്യൻ എത്ര നിസാരനെന്ന സത്യം മാത്രമാണ് ഓർമവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |