നെടുമ്പാശേരി: ചെങ്ങമനാട് - ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുവന്നൂർ - ചൊവ്വര പാലം അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കാലപ്പഴക്കം വന്ന പഴയ പൈപ്പ് പാലത്തിന്റെ ഒരു ഭാഗത്തെ കരിങ്കൽ ഭിത്തി പൂർണമായും 2018ലെ മഹാപ്രളയത്തിൽ തകർന്നതാണ്. ആറ് വർഷം പിന്നിട്ടിട്ടും പാലം പുതുക്കി പണിയാൻ നടപടി സ്വീകരിച്ചിട്ടില്ല എന്നതാണ് നാട്ടുകാരെ ക്ഷുഭിതരാക്കുന്നത്. സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായി തോട്ടുമുഖത്ത് രണ്ട് പാലങ്ങൾ നിർമ്മിച്ചതോടെ ആലുവ, പെരുമ്പാവൂർ ഭാഗത്ത് നിന്നും വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ പോകേണ്ട യാത്രക്കാർ ദൂരപരിധി ലാഭിക്കാനും വാഹനത്തിരക്ക് ഒഴിവാക്കാനും ചൊവ്വരയിൽ നിന്ന് നെടുവന്നൂർ, ആവണംകോട് വഴിയാണ് പോകുന്നത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കണ്ണുതുറക്കാതെ അധികാരികൾ
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ
പ്രളയശേഷം ചെങ്ങൽതോട്ടിലെ മുഴുവൻ പൈപ്പ് പാലങ്ങളും പൊളിച്ച് പുതിയ കൽവർട്ട് പാലങ്ങൾ നിർമ്മിക്കുമെന്ന് സിയാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതിതീവ്രമഴയുടെ അവസരങ്ങളിൽ പെരിയാറിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമാവുമ്പോൾ പുല്ലും മരങ്ങളും പാലത്തിന്റെ പെപ്പുകളിൽ തടയുന്നതിനെ തുടർന്ന് മലവെള്ളം സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കെട്ടിക്കിടന്ന് വ്യാപക നാശം വിതയ്ക്കുകയാണ്. പുതിയ പാലം നിർമ്മാണത്തിനായി മണ്ണ് പരിശോധന വരെ നടത്തിയ സിയാൽ വാഗ്ദാനത്തിൽ നിന്നും പിന്നാക്കം പോയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. നേരത്തെ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി സംഘടനകളെല്ലാം പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൈവരിപോലുമില്ലാത്ത ഇവിടെ സി.പി.എം പ്രവർത്തകരാണ് അടുത്തിടെ താത്കാലിക സുരക്ഷാ സംവിധാനം ഒരുക്കിയത്.
പാലം ഉടൻ പുതുക്കി പണിയണം: കർഷകസംഘം
തകരാറിലായ നെടുവന്നൂർ-ചൊവ്വര പാലം അടിയന്തരമായി പുതുക്കി പണിയാൻ സിയാൽ തയ്യാറാകണമെന്ന് കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. പുതിയ പാലത്തിനായി മണ്ണ് പരിശോധന നടത്തിയ സിയാൽ പാലത്തിന്റെ നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറാകണം. ജില്ലാ കമ്മിറ്റി അംഗം പി.വി. തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.ജെ. അനിൽ, കെ.വി. ഷാലി, സി. ഗോപാലകൃഷ്ണൻ, ടി.വി. ജോണി, പി.എസ്. അജയ് കുമാർ, അനൂപ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |