അബുദാബി: പ്രവാസജീവിതം സ്വപ്‌നംകണ്ട് മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ദിവസേന എത്തുന്ന രാജ്യമാണ് യുഎഇ. എന്നാൽ ആശിച്ച തൊഴിൽ ലഭിക്കാത്തതുമൂലവും തൊഴിലിടങ്ങളിലെ പീഡനങ്ങൾ മൂലവും പലർക്കും മടങ്ങി വരേണ്ടതായി വരുന്നു. എന്നാൽ അന്യായമായി നേരിടേണ്ടി വരുന്ന പീഡനങ്ങൾക്ക് തൊഴിലുടമയ്ക്കെതിരെ തൊഴിലാളികൾക്ക് വൻ പിഴയിൽ കേസ് നൽകാനാകുമെന്ന് എത്ര പ്രവാസികൾക്കറിയാം?
ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടാതെ ഒരു ജീവനക്കാരനെ നിയമിക്കുക, ഒരു ജീവനക്കാരനെ റിക്രൂട്ട് ചെയ്യുകയും ജോലി നൽകാതിരിക്കുകയും ചെയ്യുക, വർക്ക് പെർമിറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗം, പ്രസക്തമായ നടപടിക്രമങ്ങൾ പാലിക്കാതെ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുക, വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ അവസാന ശമ്പളം നൽകാതിരിക്കുക, സേവന ആനുകൂല്യങ്ങൾ നൽകാതിരിക്കുക, പ്രായപൂർത്തിയാകാത്ത കുട്ടികളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് തൊഴിലുടമയ്ക്കെതിരെ കേസ് ഫയൽ ചെയ്യാനാവുന്നതാണ്.
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് തൊഴിലുടമയ്ക്ക് 50,000 ദിർഹം ( ഏകദേശം 12 ലക്ഷം രൂപ) മുതൽ 200,000 ദിർഹം (ഏകദേശം 46 ലക്ഷം രൂപ) വരെ പിഴ നൽകേണ്ടതായി വരാം.
യുഎഇയിലെ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തുന്നതിനിടെ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ ഇൻസ്പെക്ടർ മേൽപ്പറഞ്ഞ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാവുന്നതാണ്.
കൂടാതെ 2023ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 20ന്റെ വ്യവസ്ഥകൾ പ്രകാരം തൊഴിലുടമയിൽ നിന്ന് അന്യായമായ നടപടികൾ നേരിടേണ്ടി വന്നാൽ ജീവനക്കാരന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി ഫയൽ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |