ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടയ്ക്ക് അടച്ചിട്ട വ്യോമാതിർത്തി തുറന്ന് ഇറാൻ. ടെഹ്റാനിലെ മെഹ്റാബാദ്,ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും വടക്ക്,കിഴക്ക്,പടിഞ്ഞാറ്,തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും തുറക്കും.
ഇസ്ഫഹാൻ,തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞമാസം ഇറാൻ വ്യോമപാത അടച്ചത്.
അതിനിടെ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥർ ഇറാനിൽ നിന്ന് ഇന്നലെ മടങ്ങി. ഇസ്രയേലുമായുള്ള സംഘർഷ സമയത്ത് ടെഹ്റാനിൽ തുടർന്ന ഉദ്യോഗസ്ഥരാണ് മടങ്ങിയത്.
പ്രതിരോധ പദ്ധതിയുമായി
ഇസ്രയേൽ
ഇറാനെതിരെ പ്രതിരോധം ശക്തമാക്കാൻ സേനകൾക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിർദ്ദേശം. ഇറാന്റെ ആണവ-മിസൈൽ ശേഷികൾ വീണ്ടെടുക്കാൻ അനുവദിക്കരുതെന്നും ഇതിനായി ഇന്റലിജൻസ്,വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
നെതന്യാഹു
നാളെ യു.എസിൽ
ടെൽ അവീവ്: ഗാസ വെടിനിറുത്തൽ ചർച്ചകൾ അന്ത്യഘട്ടത്തിലെന്ന് സൂചന. ഈജിപ്റ്റ്, ഖത്തർ രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ, താത്കാലിക വെടിനിറുത്തൽ യുദ്ധവിരാമത്തിന്റെ തുടക്കമാകണമെന്നും ഹമാസ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തുർക്കിയ നഗരമായ ഇസ്താംബുളിൽ ഹമാസ് നേതാക്കളുടെ ചർച്ച പുരോഗമിക്കുകയാണ്. മറ്റ് പാലസ്തീനി സായുധ ഗ്രൂപ്പുകളുമായി വിഷയം ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നാണ് ഹമാസ് പ്രതികരണം. 12 ദിവസം നീണ്ട ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ വെടിനിറുത്തൽ നടപ്പാക്കുന്നതിൽ വിജയിച്ചതിനു പിന്നാലെ ഗാസയിലും സമാധാനശ്രമങ്ങൾക്ക് യു.എസ് രംഗത്തെത്തിയിരുന്നു. ഒരാഴ്ചക്കകം ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിങ്ടണിലേക്ക് പോകുന്നുണ്ട്. ഗാസയിൽ സമ്പൂർണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോൾ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യു.എസിൽ ട്രംപ്- നെതന്യാഹു ചർച്ചകൾക്കുശേഷം തിങ്കളാഴ്ച വെടിനിറുത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |