ശ്രീനഗർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിൽ ജമ്മു കാശ്മീരിൽ അതീവ ജാഗ്രത. അക്രമങ്ങൾ തടയുന്നതിന് ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചു. അമർനാഥ് യാത്ര ഒഴിവാക്കാനും ഡ്രൈ ഡേ ആചരിക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി അമർനാഥ് യാത്ര താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണെന്നും ഭഗവതി നഗർ ബേസ് ക്യാമ്പിൽനിന്ന് കാശ്മീരിലേക്ക് തിങ്കളാഴ്ച തീർഥാടകരെ കടത്തിവിടുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിന്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള സമ്പൂർണ ഏകീകരണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 'ഏകാത്മ മഹോത്സവ്' റാലി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ആർ.എസ് പുരയിലെ ബാന സിംഗ് സ്റ്റേഡിയത്തിലാണ് റാലി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസും പി.ടി.പിയുമടക്കമുള്ള പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പി.ടിപി ആഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കുകയും പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |