കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ഇന്നലെയും തുടർന്നു. തിങ്കളാഴ്ചയിലെ കനത്ത തകർച്ചയ്ക്ക് ശേഷം നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ജപ്പാനിലെ നിക്കി പിന്നീട് വില്പന സമ്മർദ്ദം നേരിട്ടു. യൂറോപ്പിലെ വിവിധ ഓഹരി സൂചികകളും ഇന്നലെ നഷ്ടത്തോടെയാണ് വ്യാപാരം നടത്തിയത്. ഇന്ത്യയിലെ ഓഹരികളും ഇന്നലെ മികച്ച നേട്ടത്തിൽ ആരംഭിച്ചതിനു ശേഷം നഷ്ടത്തിലേക്ക് മൂക്കുകുത്തി. നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതാണ് തിരിച്ചടിയായത്.
ബോംബെ ഓഹരി സൂചിക 166.33 പോയിന്റ് നഷ്‌ടത്താേടെ 78,593ൽ അവസാനിച്ചു. നിഫ്‌റ്റി 63.05 കുറഞ്ഞ് 23,992.55ൽ വ്യാപാരം പൂർത്തിയാക്കി. വിപണി തിരുത്തൽ മോഡിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ബ്രോക്കർമാർ പറഞ്ഞു. ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലെ പ്രധാനമായും തിരിച്ചടി നേരിട്ടത്.
രൂപ നിലതെറ്റുന്നു
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപ പുതിയ റെക്കാഡ് താഴ്ചയിലെത്തി. ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും രൂപയ്ക്ക് തിരിച്ചടിയായി. ഏഷ്യയിലെ മറ്റ് പ്രധാന നാണയങ്ങളും ഇന്നലെ സമ്മർദ്ദം നേരിട്ടു.
ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.96 വരെ താഴ്ന്നിരുന്നു. വ്യാപാരാന്ത്യത്തിൽ രൂപ 83.95ൽ അവസാനിച്ചു. അമേരിക്കയിലെ മാന്ദ്യ സാഹചര്യവും ജാപ്പനീസ് യെൻ ഉപയോഗിച്ചുള്ള ഇടപാടുകൾ നിക്ഷേപകർ സെറ്റിൽ ചെയ്തതും രൂപയ്ക്ക് തിരിച്ചടിയായി.
ഇന്ത്യയിലും പലിശ കുറയും
ഒന്നര വർഷത്തിനുള്ളിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം വരെ കുറയ്ക്കാനിടയുണ്ടെന്ന് ബാങ്ക് ഒഫ് അമേരിക്കയുടെ ഗവേഷണ റിപ്പോർട്ട്. നടപ്പുവർഷം ഡിസംബർ മുതൽ ഇന്ത്യയിൽ പലിശ കുറഞ്ഞ് തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാണയപ്പെടുപ്പം നാല് ശതമാനത്തിലേക്ക് താഴുന്നതോടെ മാന്ദ്യം നേരിടാനായി പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. എന്നാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റമുണ്ടാകുവാൻ സാദ്ധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |