കൊച്ചി: ഐ.എം.എ കൊച്ചിയുടെ പാലിയേറ്റീവ് കെയർ സംവിധാനമായ 'അരികെ" ആറാം വർഷത്തിലേക്ക്. പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ഒത്തുചേരൽ ഇന്ന് വൈകിട്ട് ഏഴിന് കലൂർ ഐ.എം.എ ഹൗസിൽ നടക്കുമെന്ന് ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റും ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ കൺവീനറുമായ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് പരിചരണം നൽകാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് 'അരികെ" ആരംഭിച്ചത്. 2,540ലധികം കുടുംബങ്ങൾ അരികെയുടെ സംരക്ഷണത്തിലുണ്ട്. കൊച്ചി കോർപ്പറേഷനിലെ മിക്കയിടങ്ങളിലും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നുണ്ട്. നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരുടെ 24 മണിക്കൂർ ഹോംകെയർ പരിചരണം, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, ഹോംകെയർ നൽകുന്നവർക്ക് 24 മണിക്കൂർ ടെലിമെഡിസിൻ പിന്തുണ, പരിശീലന പരിപാടികൾ, സമ്പർക്കപരിപാടികൾ എന്നിവയും നടപ്പാക്കും.
ഐ.എം.എ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, സെക്രട്ടറിയും അരികെയുടെ മുഖ്യചുമതലക്കാരനുമായ ഡോ. ജോർജ് തുകലൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |