□ഡെലിഗേറ്റഡ് പേയ്മെന്റുമായി റിസർവ് ബാങ്ക്
കൊച്ചി: ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഉപഭോക്താക്കൾക്ക് യു.പി.ഐ പേയ്മെന്റ് നടത്താനാകുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം റിസർവ് ബാങ്ക് ഒരുക്കുന്നു. രണ്ടാമത്തെയാൾക്ക് യു.പി.ഐ ഐ.ഡിയുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്ലെങ്കിലും ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഇതിലൂടെ കഴിയും.
നിലവിൽ സ്വന്തം അക്കൗണ്ടുകളെ യു.പി.ഐ ഐ.ഡിയുമായി ബന്ധിപ്പിച്ച് മാത്രമേ ഇടപാടുകൾ നടത്താൻ കഴിയൂ. ഡെലിഗേറ്റഡ് പേയ്‌മെന്റ് സംവിധാനത്തിലൂടെ ഒരു ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മറ്റൊരാൾക്ക് നിശ്ചിത തുക യു.പി.ഐയിലൂടെ ചെലവഴിക്കാൻ അനുമതി നൽകാം. രാജ്യത്തെ യു.പി.ഐ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കൂടാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത ദിവസം പുറത്തുവിടും. ഇന്നലെ പ്രഖ്യാപിച്ച റിസർവ് ബാങ്കിന്റെ ധന നയത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ 42.4 കോടി യു.പി.ഐ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
കുട്ടികൾക്ക് യു.പി.ഐ
ഉപയോഗിക്കാം
പുതിയ സംവിധാനം വരുന്നതോടെ രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത മക്കൾക്ക് യു.പി.ഐ പേയ്മെന്റുകൾ നടത്താനാകും. രക്ഷിതാവ് ഇടപാടിന് അനുമതി നൽകണമെന്ന് മാത്രം. രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്ന് മക്കൾക്ക് ആഡ് ഓൺ കാർഡുകൾ നൽകുന്നതിന് സമാനമായ സംവിധാനമാണിത്. രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള യു.പി.ഐ ഐ.ഡിയിൽ അധിക ഉപഭോക്താവായി പ്രായപൂർത്തിയാകാത്ത മക്കളെയോ, മറ്റുള്ളവരെയോ ഉൾപ്പെടുത്തി ഇടപാടുകൾക്ക് അനുമതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |