ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബിൽ ചർച്ച ചെയ്യാൻ ചേർന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഭരണ-പ്രതിപക്ഷ എംപിമാരുടെ വാഗ്വാദവും ബഹളവും. കമ്മിറ്റി അദ്ധ്യക്ഷനും ഭരണപക്ഷ എംപിമാരും പാർലമെന്ററി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു.ബി.ജെ.പി അംഗങ്ങൾ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് കല്യാൺ ബാനർജി(തൃണമൂൽ കോൺഗ്രസ്), ഗൗരവ് ഗൊഗോയ്(കോൺഗ്രസ്), എ. രാജ, മുഹമ്മദ് അബ്ദുള്ള(ഡി.എം.കെ), അരവിന്ദ് സാവന്ത് (ശിവസേന-ഉദ്ധവ് ) എന്നിവർ വാക്കൗട്ട് നടത്തി. ന്യൂനപക്ഷ മന്ത്രാലയ പ്രതിനിധികളുടെ പ്രസന്റേഷനിടെ ബി.ജെ.പി എംപിമാരായ നിഷികാന്ത് ദുബെ, ദിലീപ് സൈകിയ, അഭിജിത് ഗാംഗുലി എന്നിവരുമായിട്ടായിരുന്നു തർക്കം. വഖഫ് ബോർഡിൽ വനിതാ അംഗത്തെ ഉൾപ്പെടുത്താനുള്ള നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്.
അദ്ധ്യക്ഷനും മുതിർന്ന ബി.ജെ.പി എംപിയുമായ ജഗദംബിക പാൽ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നില്ലെന്നും പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു, എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ ജഗദംബികാ പാലിനെ അധിക്ഷേപിക്കുകയാണെന്ന് ബി.ജെ.പി എംപിമാർ ആരോപിച്ചു. തിങ്കളാഴ്ചത്തെ യോഗത്തിൽ കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷൻ അൻവർ മണിപ്പാടി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |