വർക്കല: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം വട്ടപ്പാറ കണക്കോട് രാജ്ഭവനിൽ ജി.പി.കുമാർ (64) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. പാപനാശം നോർത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിൽ മസാജിംഗിന് ശേഷം കുമാർ ബാലൻസ് തുക നൽകാതെ സ്പായിൽ നിന്ന് ഇറങ്ങി. ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു ഇയാളെ തിരികെ വിളിച്ച് ബാലൻസ് തുക ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിൽ കുമാർ തനിക്കു നേരെ എയർഗൺ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. ബഹളം കേട്ട് ഓടിക്കൂടിയവർ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തിയശേഷം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് പരിശോധന നടത്തുകയും ലൈസൻസില്ലാതെ തോക്കും തിരകളും സൂക്ഷിച്ചതിന് ആംസ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |