നെന്മാറ: അയിലൂർ സഹകരണ ബാങ്കിൽ വ്യാജരേഖകൾ ഹാജരാക്കി വായ്പാതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. ഓഡിറ്ററുടെ പരാതിയിൽ കേസിലെ പന്ത്രണ്ടാം പ്രതി കയറാടി കൈതാരത്ത് സനോജിനെ(47) പത്തനംതിട്ടയിൽ നിന്ന് നെന്മാറ പോലീസ് അറസ്റ്റുചെയ്തു. തുടർന്ന് ഇന്നലെ ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നു സ്ത്രീകളുടെ പേരിൽ വ്യക്തിഗതരേഖകളും, ഭൂരേഖകളും നൽകി വായ്പാതട്ടിപ്പ് നടത്തിയെന്നാണു പരാതി.
പോലീസ് പറയുന്നതിങ്ങനെ: 2015 ൽ അയിലൂർ സഹകരണ ബാങ്കിൽ മൂന്നു സ്ത്രീകളുടെ പേരിൽ 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറച്ചുനാൾ വായ്പ തിരിച്ചടവ് നടത്തിയശേഷം തുടർതിരിച്ചടവ് നടത്താത്തതിനെ തുടർന്നാണ് ബാങ്ക് വായ്പക്കാർക്കു നോട്ടീസ് അയച്ചുതുടങ്ങിയത്. അപ്പോഴാണ് തങ്ങളുടെ പേരിൽ വായ്പയുള്ള കാര്യം പരാതിക്കാർ അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും പേരിൽ വ്യാജരേഖ ചമച്ച് വായ്പയെടുത്തതാണെന്ന് മനസിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറിക്കും ഡയറക്ടർമാർക്കും എതിരെ കേസെടുത്ത പൊലീസ് സനോജിനെ അറസ്റ്റ് ചെയ്തതു. എന്നാൽ മറ്റു പ്രതികളെ പിടികൂടാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |