കൊച്ചി: അപ്പാർട്ട്മെന്റിലെ ലഹരിപ്പാർട്ടിക്കിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 18കാരിയടക്കം ഒമ്പതുപേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 13.522 ഗ്രാം എം.ഡി.എം.എയും വില്പനയ്ക്കായി ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്.
പാലക്കാട് നൊച്ചിപ്പിള്ളി ജമീല മൻസിലിൽ സാദിഖ് ഷാ (22), പാലക്കാട് ഒലവക്കോട് ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ (22), പാലക്കാട് മുണ്ടൂർ കളംപുറം വീട്ടിൽ കെ.എം.രാഹുൽ (22), പാലക്കാട് മുണ്ടൂർ കെ.ആകാശ് (22), തൃശൂർ ചാവക്കാട് നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ (23), ചാവക്കാട് സ്വദേശികളായ പി.ആർ. മുഹമ്മദ് റംഷീഖ് (23), എം.എസ്.നിഖിൽ (22), യു.എം. നിധിൻ (24), രാഗിണി (18) എന്നിവരാണ് പിടിയിലായത്.
സാദിഖ് ഷാ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റാണിത്. എം.ഡി.എം.എ വഴിയിൽ കിടന്ന് കിട്ടിയതെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതികൾക്ക് ലഹരി വില്പന ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ പലവട്ടം ചോദ്യംചെയ്തെങ്കിലും മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചെന്ന് പറയാൻ തയ്യാറായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വിദ്യാർത്ഥിയായ രാഗിണി ആൺ സുഹൃത്തിനൊപ്പമാണ് അപ്പാർട്ട്മെന്റിൽ എത്തിയത്. മറ്റു പ്രതികളെല്ലാം വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |