തിരുവനന്തപുരം: മൊട്ടത്തലയന്മാർക്കെന്താ കൊമ്പുണ്ടോ? കൊമ്പില്ല, പക്ഷേ സംഘടനയുണ്ട്.അതും ഭൂമിയിൽ ആദ്യമായി. അംഗസംഖ്യ ചെറുതായി കാണ്ടേണ്ട. സംഘടന രൂപീകരിച്ച് അധിക ദിവസം ആയില്ലെങ്കിലും ഇപ്പോൾത്തന്നെ നൂറോളംപേരാണ് അംഗങ്ങൾ. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഇതിലുണ്ട്. കേരളത്തിൽ നിന്നുമാത്രമല്ല ആഗോള തലത്തിൽ തന്നെ സംഘടനയിൽ അംഗമാകാൻ തയ്യാറായി നിരവധി പേർ മുന്നോട്ടുവരുന്നുണ്ടെന്നാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്ന കൊമേഡിയനും മുതിർന്ന മൊട്ടയുമായ സജീഷ് കുട്ടനെല്ലൂർ പറയുന്നത്. ആഗോള മൊട്ടസമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മൊട്ടകൾ. എറണാകുളം മറൈൻ ഡ്രൈവാണ് ഇതിന് വേദിയാകുന്നത്.
കഷണ്ടിക്കാർക്ക് നോ എൻട്രി
മൊട്ടത്തലയന്മാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വമെടുക്കാൻ അവസരമുള്ളത്. അതായത് കഷണ്ടിക്കാർക്ക് പ്രവേശനം ഇല്ലെന്ന് അർത്ഥം. തല സ്ഥിരമായി ഷേവുചെയ്യുന്നവരെ മാത്രമാണ് സംഘടനയിൽ അംഗമാക്കുന്നത്. കഷണ്ടിക്കാരല്ലാതെ തന്നെ ഇങ്ങനെ ചെയ്യുന്നവർ കേരളത്തിൽ തന്നെ ഒത്തിരിയുണ്ടെന്നാണ് സജീഷ് പറയുന്നത്. അപാരമായ ആത്മവിശ്വാസമുളള ഒരാൾക്കുമാത്രമേ മൊട്ടയടിക്കാൻ കഴിയൂ. അങ്ങനെയുള്ള മൊട്ടയെ സമൂഹത്തിൽ ശിരസുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
അങ്ങനെയങ്ങ് തുടങ്ങി
സ്വന്തം മുടിക്ക് അല്പം ഉള്ളുകുറഞ്ഞപ്പോൾ സജീഷ് കോമഡി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ തൊപ്പിവച്ച് കയറാൻ തുടങ്ങി. പക്ഷേ സജീഷിന് സ്വയം തന്നെ ഇത് ഇഷ്ടപ്പെട്ടില്ല. മറ്റുള്ളവരെ വഞ്ചിക്കുകയാണോ എന്നൊരു തോന്നൽ മനസിൽ എവിടെയോ മുളപൊട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല. തല മൊട്ടയടിച്ചു. തിളങ്ങുന്ന മൊട്ടത്തലയുമായി വേദിയിലെത്തിയപ്പോൾ കാണികളുടെ പ്രോത്സാഹനം കൂടി. പിന്നെ ഇതുവരെ മുടി വളർത്തിയിട്ടില്ല. ഇപ്പോൾ നിരന്തരം തല ഷേവുചെയ്യുന്നു.
സ്വന്തം മൊട്ടത്തല ഹിറ്റായതോടെയാണ് സജീഷ് മറ്റുമൊട്ടകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അപാരമായ കോൺഫിഡൻസ് ഉണ്ടെങ്കിലേ മാലോകർക്കുമുന്നിൽ തിളങ്ങുന്ന തലയുമായി നടക്കാനാവൂ എന്ന് മനസിലാക്കി മൊട്ടകളെ സംഘടിപ്പിക്കാൻ സജീഷ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. തൃശൂരിൽ മാത്രമുള്ള കൂട്ടായ്മ എന്നനിലയിൽ ഒരു പോസ്റ്റർ ഉണ്ടാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തപ്പോഴാണ് മൊട്ടകളുടെ ആഗോള ശക്തി ശരിക്കും മനസിലായത്. ഭൂലോകത്തിലെ മൊട്ടകളുടെ കൈ അയഞ്ഞുള്ള പിന്തുണയോടെ പോസ്റ്റർ മാരക വൈറലായി. തന്റെ നിഗമനങ്ങൾ എല്ലാം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആഗോള മൊട്ടകളുടെ പ്രതികരണം എന്നാണ് സജീഷ് പറയുന്നത്.
സ്ത്രീകൾക്കും സുസ്വാഗതം
അല്പം മുടിയാെന്ന് കൊഴിഞ്ഞാലോ നരച്ചാലോ ആത്മവിശ്വാസം നശിച്ച് തളർന്നുവീഴുന്നവരാണ് കൂടുതലും. അത്തരക്കാർക്ക് ആത്മവിശ്വാസം പകരുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സ്ഥിരമായി തല ഷേവുചെയ്യാൻ തയ്യാറാണെങ്കിൽ സ്ത്രീകൾക്കും അംഗങ്ങളാവാം. ഇപ്പോൾ സ്ത്രീകളും ട്രാൻസ്‌ജെൻഡർമാരും അംഗങ്ങളല്ല. തല ഷേവുചെയ്യണമെങ്കിലും അംഗങ്ങൾക്ക് താടി ആവോളം വളർത്താം. അതിന് ഒരു പ്രശ്നവുമില്ല.
രമേഷ് പിഷാരടി ഉൾപ്പടെയുള്ള നിരവധി സിനിമാ താരങ്ങൾ മൊട്ടത്തലയന്മാരുടെ സംഘടനയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ഇനിയും കൂടുതൽ സെലിബ്രിറ്റികൾ പിന്തുണയുമായി രംഗത്തുവരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |