ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലയ്ക്കയുടെ പരമാവധി വില 3000 രൂപ കടന്നിട്ടും ഗുണം കിട്ടാതെ കർഷകർ. മോഹവില കിട്ടിയിട്ടും വിൽക്കാൻ കായ്കളില്ല. വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഇല്ലാതായതാണ് തിരിച്ചടിയായത്. പുറ്റടി സ്‌പൈസസ് പാർക്കിൽ ഈ മാസം ആറിനും എട്ടിനും നടത്തിയ ഇ- ലേലത്തിൽ പരമാവധി വില കിലോയ്ക്ക് 3000 രൂപയ്ക്ക് മേൽ കിട്ടിയിരുന്നു. ശരാശരി വില കിലോയ്ക്ക് 2275 രൂപ വരെ കർഷകന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ശരാശരി വില രണ്ടായിരത്തിന് മുകളിലാണ്.
ഇതിന് മുമ്പ് 2019 ആഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിലാണ് ഏലയ്ക്കാ വില റെക്കാഡ് നിരക്കായ കിലോയ്ക്ക് 7000 രൂപ രേഖപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർച്ച നേരിട്ടു. ഒരു കിലോ ഏലയ്ക്ക ചില്ലറ വില്പന 900 രൂപയ്ക്ക് താഴെയും കഴിഞ്ഞ വർഷം നടന്നിരുന്നു.
കാലാവസ്ഥ വിനയായി
ഏലയ്ക്ക ഉത്പാദനം ഏറ്റവും കൂടുതലുള്ള കുമളി, വണ്ടന്മേട്, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, രാജകുമാരി മേഖലകളിൽ വരൾച്ചയിൽ കനത്ത കൃഷിനാശമാണുണ്ടായത്. ഏകദേശം 30- 35 ശതമാനം ഏലക്കൃഷി വരൾച്ചയിൽ കരിഞ്ഞുണങ്ങി. മേയിൽ പകൽ താപനില അനിയന്ത്രിതമായി ഉയർന്നപ്പോൾ ജലസേചന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകാതെ പോയതും കൃഷിനാശത്തിന് ഇടയാക്കി.
നിലവിലെ സ്ഥിതിയിൽ പുതിയ വിളവ് ഈ മാസം പ്രതീക്ഷിക്കാനാവില്ലെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ മാറ്റങ്ങൾ മൂലം സീസൺ ആരംഭം സെപ്തംബറിലേക്ക് നീളും. അതായത് ഈ വർഷം വിളവെടുപ്പ് കേവലം മൂന്നു റൗണ്ടിൽ ഒതുങ്ങും. സാധാരണ ഡിസംബറിനു മുമ്പായി ആറ് റൗണ്ട് വരെ വിളവെടുപ്പ് നടത്താറുണ്ട്. ഉത്പാദനത്തിലുണ്ടാകുന്ന കുറവ് എത്രയെന്ന് ഇപ്പോൾ കൃത്യമായി വിലയിരുത്താനാവില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെടുന്ന ഉത്സവ സീസണിനു ആഗസ്റ്റ് പകുതിയോടെ തുടക്കമാകും. കുമളി അടക്കമുള്ള മേഖലകളിലെ ചരക്കുവരവിന് നേരിടുന്ന കാലതാമസം കണക്കിലെടുത്താൽ വില ഉയരേണ്ടതാണ്. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ കരുതൽ ശേഖരം കുറഞ്ഞതും ഇവിടെ നിന്നുള്ള പുതിയ ചരക്കുവരവ് വൈകുമെന്നതും കണക്കിലെടുത്താൽ വില ഉയർത്തി ഏലയ്ക്ക സംഭരിക്കാൻ അവർ നിർബന്ധിതരാകും.
ഏപ്രിൽ, മേയ് കാലയളവിലെ കനത്ത വരൾച്ചയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞുണങ്ങിയത് ഇക്കുറി വിളവ് ചുരുക്കും. സാധാരണ ജൂലായിൽ പല ഭാഗങ്ങളിലും വിളവെടുപ്പിനു തുടക്കം കുറിക്കാറുണ്ടെങ്കിലും ഇത്തവണ ആഗസ്റ്റായിട്ടും രക്ഷയില്ല.
സജീവൻ കൃഷ്ണൻ
ഏലം കർഷകൻ,
കട്ടപ്പന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |