കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡായി 2024-ലെ റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് കണ്ടെത്തി. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴില്‍ രംഗത്ത് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തുടങ്ങി തൊഴില്‍ നല്‍കുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയര്‍ന്ന നിലയിലാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തും എത്തി.
നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍ കൂടിയാണ് സര്‍വേ വെളിപ്പെടുത്തിയത്. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാര്‍ക്കിടയിലെ ഏറ്റവും മുന്‍ഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതാണ് അടുത്ത പ്രധാന ഘടകം. വനിതാ ജീവനക്കാര്‍ക്കിടയില്‍ ഇതിനു കൂടുതല്‍ പ്രാധാന്യമാണുള്ളത്.
മൈക്രോസോഫ്റ്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ആമസോണ്‍, ടാറ്റാ പവര്‍ കമ്പനി, ടാറ്റാ മോട്ടോര്‍സ്, സാംസംഗ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ ആന്റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മേഴ്സിഡസ് ബെന്‍സ് എന്നിവയാണ് 2024-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡുകള്‍.
ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേര്‍ക്കു മാത്രമേ പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നുള്ളൂ. നിര്‍മിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മികച്ച തൊഴില്‍ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകള്‍ നടത്താന്‍ ബിസിനസുകള്‍ക്കുള്ള സമഗ്രമായ ഗൈഡാണ് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചെന്ന് റന്‍ഡ്സ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |