ന്യൂഡൽഹി: ബംഗാളിൽ പിജി ഡോക്‌ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവുമായി ബന്ധപ്പെട്ട് കൊൽക്കത്തിയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ രാജിവച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ രാജി. ''കൊല്ലപ്പെട്ട പെൺകുട്ടി തനിക്ക് മകളെ പോലെയാണ്. സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനമാണ് നേരിടേണ്ടി വരുന്നത്. ഒരു രക്ഷകർത്താവെന്ന നിലയിൽ രാജി വയ‌്ക്കുകയാണ്. ഇനി മറ്റൊരാൾക്കും ഇത്തരത്തിൽ ഒന്ന് സംഭവിക്കാതിരിക്കട്ടെ''. രാജി വച്ചതിന് ശേഷം സന്ദീപ് ഘോഷ് പ്രതികരിച്ചു.
ഡോക്‌ടർമാരുടെയും പിജി വിദ്യാർത്ഥികളുടെയും സമരം കാരണം ആശുപത്രിയിൽ എത്തുന്ന രോഗികളും വിഷമം നേരിടുകയാണ്. എന്നാൽ തങ്ങളുടെ സുഹൃത്തിനുണ്ടായ ദുരന്തത്തിന് മജിസ്‌റ്റീരിയൽ അന്വേഷണം തന്നെ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ദിവസം വരെയും അത്യാഹിത വിഭാഗത്തിൽ ജൂനിയർ ഡോക്‌ടർമാർ ഡ്യൂട്ടി ചെയ‌്തിരുന്നു. എന്നാൽ ഇന്ന് സമരത്തിന്റെ സ്വഭാവം കടുപ്പിച്ചുകൊണ്ട് അവർ അതിൽ നിന്നുകൂടി വിട്ടുനിൽക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.
പ്രതി സഞ്ജയ് റോയിയെ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് വധശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചിരുന്നു. സർക്കാർ കേസ് ഒതുക്കിതീർക്കുകയാണെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സർക്കാരിൽ വിശ്വാസമില്ലെങ്കിൽ,അവർക്ക് ഏത് അന്വേഷണ ഏജൻസിയെയും സമീപിക്കാമെന്നും എതിർക്കില്ലെന്നും മമത പ്രതികരിച്ചു.
സെമിനാർ ഹാളിൽനിന്ന് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടെത്തിയതും സിസിടിവി ദൃശ്യവുമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പുലർച്ചെ നാലിനും ആറിനും ഇടയിലാണ് കൃത്യം നടന്നത്. ആ സമയത്തെ സിസിടിവി ദൃശ്യത്തിലാണ് പ്രതി കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നത്. ഇതോടെ ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്,തിരികെപോകുമ്പോൾ ഹെഡ്‌സെറ്റ് ഇല്ലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
തുടർന്ന് ഡോക്ടർമാർ,നഴ്സുമാർ എന്നിവർക്കൊപ്പം സഞ്ജയേയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് സഞ്ജയ് നൽകിയത്. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പ്രതിയുടെ ഫോണിൽ കണക്ടായതും നിർണായകമായി. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സഞ്ജയ് റോയ് നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു. സംഭവദിവസം ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീലവീഡിയോകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
ആഗസ്‌റ്റ് ഒമ്പതിന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് ചോദ്യം ചെയ്‌തു കഴിഞ്ഞു. കൊലപാതകത്തിന് കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഇരയോടൊപ്പം ഭക്ഷണം കഴിച്ചിരുന്നവരാണ് ഇവരിൽ പലരും.
കൊലപാതകത്തിന് ശേഷം തിരികെ വന്ന പ്രതി സംഭവസ്ഥലത്ത് കിടന്നുറങ്ങി
ഹീനമായ കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തേക്ക് തിരികെ വന്ന പ്രതി വസ്ത്രങ്ങൾ പോലും കഴുകാതെയാണ് കിടന്നുറങ്ങിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് കമ്മിഷണർ പറഞ്ഞു. രാവിലെ ഉറക്കമുണർന്ന ശേഷമാണ് ശരീരത്തിലെയും വസ്ത്രത്തിലെയും ചോരക്കാറ ഇയാൾ കഴുകിയത്. എന്നാൽ പ്രതി ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി.
യുവതിയുടെ ചെവി, മൂക്ക്, കണ്ണുകൾ, വായ, കഴുക്ക്, കാലുകൾ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങിലെല്ലാം ഗുരുതരമായ പരിക്കേറ്റിരുന്നു. കൊല ചെയ്‌തതിന് ശേഷമാണ് മാനഭംഗം ചെയ‌്തതെന്നാണ് മനസിലാക്കുന്നതെന്ന് ഓഫീസർ പറഞ്ഞു. കൂടുതൽ വിവരം പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമെ പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |