ലാഹോര്‍: പാരീസ് ഒളിമ്പിക്‌സില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ പാകിസ്ഥാന്റെ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമിന് വലിയ സ്വീകരണമാണ് നാട്ടില്‍ ലഭിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പോലും ആയിരക്കണക്കിനാളുകളാണ് താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. 92.97 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയെ താരം മറികടന്നത്.
ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി ലഭിച്ച വ്യക്തിഗത സ്വര്‍ണമെഡല്‍ ആഘോഷമാക്കുകയാണ് പാകിസ്ഥാനികള്‍. താരത്തെ പുകഴ്ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പാക് സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ രംഗത്ത് വരികയും ചെയ്യുന്നുണ്ട്. സ്വീകരണമായും ഉപഹാരങ്ങളായും നിരവധി സാധനങ്ങളാണ് നദീമിന് ലഭിക്കുന്നത്. ഭാര്യാപിതാവ് നദീമിന് നല്‍കിയത് ഒരു പോത്തിനെയാണ്. താരത്തിന്റെ ഗ്രാമത്തെ സംബന്ധിച്ച് പോത്തിനെ സമ്മാനമായി നല്‍കുന്നത് ഒരു ആചാരമാണ്.
സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായാണ് പോത്തിനെ ഗ്രാമനിവാസികള്‍ കാണുന്നത്. വലിയ ആദരവ് നല്‍കുന്നതിന്റെ ഭാഗം കൂടിയാണ് പോത്തിനെ സമ്മാനമായി നല്‍കുന്നത്. ജാവലിന്‍ ത്രോ താരമാകാനുള്ള തയ്യാറെടുപ്പുള്ള കാലം മുതല്‍ നാട്ടുകാരാണ് താരത്തിന് മത്സരങ്ങള്‍ക്ക് പോകാനും പരിശീലനത്തിനും പണം സ്വരൂപിച്ച് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഗ്രാമം വിട്ട് പോകാന്‍ താരം ഒരിക്കലും തയ്യാറായിട്ടുമില്ല.
പോത്തിനെ സമ്മാനിക്കുന്നത് ആചാരത്തിന്റെയും പരമ്പരാഗതമായി നടക്കുകയും ചെയ്യുന്ന കാര്യമാണെങ്കിലും പാകിസ്ഥാനിലെ ഒരു വ്യവസായി നദീമിന് നല്‍കിയ സമ്മാനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടുന്നത്. ഒരു ആള്‍ട്ടോ കാര്‍ ആണ് താരത്തിന് വ്യവസായി സമ്മാനിച്ചത്. ആള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ച പാക്-അമേരിക്കന്‍ വ്യവസായിക്കെതിരെയാണ് വിമര്‍ശനം. അലി ഷെയ്ഖാനി എന്നയാളാന് നദീം നാട്ടിലെത്തിയ ഉടനെത്തന്നെ അള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |