രാജ്യത്ത് ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടിഷനിംഗ് തുടങ്ങിയവ ഉൾപ്പെടുന്ന എച്ച്.വി.എ.സി യുടെ വാർഷിക വളർച്ച നിരക്ക് 15.8 ശതമാനമാണ്. 2030 ഓടുകൂടി ഈ മേഖല 30 ബില്യൺ യു.എസ് ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടിഷനിംഗ് മേഖലയിൽ ഇന്റലിജന്റ് സൊല്യൂഷൻസ് ആണ് രൂപപ്പെട്ടുവരുന്നത്. ഇതിനുതകുന്ന രീതിയിലുള്ള കൺട്രോൾ സിസ്റ്റം, റിയൽ ടൈം മോണിറ്ററിംഗ് എന്നിവ പ്രാവർത്തികമാക്കിവരുന്നു. ഊർജ്ജ ഉപയോഗം കുറയ്ക്കാനുതകുന്ന രീതിയിലുള്ള ഫലപ്രദമായ സിസ്റ്റത്തിന് പ്രാധാന്യമേറിവരുന്നു. എ. ഐ, ഓട്ടോമേഷൻ എന്നിവ പ്രവർത്തികമാക്കിയുള്ള സാങ്കേതികവിദ്യ അനുവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യ വികസന പദ്ധതികളും കുറഞ്ഞ ചെലവിൽ ഫലപ്രദമായ ഊർജ്ജദായക പദ്ധതികളുമാണ് രൂപപ്പെട്ടുവരുന്നത്. എച്ച്.വി.എ.സി മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാനുതകുന്ന നിരവധി കോഴ്സുകളുണ്ട്. ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട മാനേജീരിയൽ തലത്തിലുള്ള സ്‌കിൽ വികസന കോഴ്സുകളുണ്ട്. ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് യഥാക്രമം സൂപ്പർവൈസറി, ടെക്നിഷ്യൻ ലെവൽ കോഴ്സുകളുണ്ട്. ടെക്നോളജി രംഗത്ത് എച്ച്.വി.എ.സി എൻജിനിയറിംഗ് മേഖലയിൽ ലോകത്തെമ്പാടും കൂടുതൽ തൊഴിലുകളാണ് രൂപപ്പെട്ടുവരുന്നത്. വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങൾ ഏറെയുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് അവസരങ്ങളേറെയും. എച്ച്.വി.എ.സി യിൽ പ്രത്യേക ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.
സ്വകാര്യ മേഖലയിലാണ് കോഴ്സുകളേറെയും. നാഷണൽ സ്കിൽ വികസന കോർപ്പറേഷന്റെ അംഗീകാരമുള്ള കോഴ്സുകൾക്ക് രാജ്യത്തിനകത്തും വിദേശത്തും സാദ്ധ്യതകളുണ്ട്. 150- 400 മണിക്കൂർ ദൈർഘ്യമുള്ള സ്കിൽ വികസന കോഴ്സുകളുണ്ട്. ബേസിക് കോഴ്സുകൾക്കനുസരിച്ച് വിവിധ കോഴ്സുകൾ പഠിക്കാം.ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി ടെക് , ഡിപ്ലോമ, ഐ.ടി.ഐ/ഐ.ടി.സി സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന നിരവധി കോഴ്സുകളുണ്ട്. എന്നാൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ചെയ്യാവുന്ന കോഴ്സുകളുമുണ്ട്. എച്ച്.വി .എ. സി യിൽ 370 മണിക്കൂർ വരെ ദൈർഘ്യമുള്ള സ്കിൽ വികസന ഡിസൈൻ കോഴ്സുകളുണ്ട്. നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നാലുമാസം ദൈർഘ്യമുള്ള എയർ കണ്ടിഷൻ കോഴ്സ് നടത്തിവരുന്നു. കൂടാതെ മാസ്റ്റർ കൺട്രോൾ, ക്വാളിറ്റി കൺട്രോൾ, ഡിസൈൻ, എം.ഇ.പി, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ് കോഴ്സുകളുമുണ്ട്. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടുമാസം മുതൽ മൂന്നുമാസം വരെ ദൈർഘ്യമുള്ള പരിശീലന കോഴ്സുകളുണ്ട്. സ്വകാര്യ മേഖലയിലാണ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ കൂടുതലായുള്ളത്. വ്യവസായ മേഖലയുടെ താത്പര്യത്തിനനുസരിച്ചു വിദ്യാർത്ഥിയുടെ പ്രാഥമിക യോഗ്യത വിലയിരുത്തി കോഴ്സുകൾക്ക് ചേരാം. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ്‌രാജ്യങ്ങളിൽ എച്ച് വി .എ. സിക്ക് സാദ്ധ്യതയേറെയാണ്. യു.കെ സെക്ടർ കൗൺസിൽ, സ്കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി, യു.എസ് സ്‌കിൽ കൗൺസിൽ, യൂറോപ്പ്യൻ സെക്ടർ കൗൺസിൽ, ഓസ്ട്രേലിയ സ്‌കിൽ കൗൺസിൽ എന്നിവയുടെ സർട്ടിഫിക്കേഷനോടുകൂടിയുള്ള പ്രോഗ്രാമുകൾ പൂർത്തിയാക്കിയാൽ യു. കെ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാം. അതിവേഗം വളർന്നു വരുന്ന സാങ്കേതികവിദ്യയാണ് ഈ രംഗത്ത് പ്രാവർത്തികമാക്കി വരുന്നത്. കാലാവസ്ഥാ മാറ്റവും, ആഗോള താപനവും എച്ച്. വി. എ. സിയുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.
ആർകിടെക്ച്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നാറ്റ സ്കോറിന്റെയും, പ്ലസ് ടു മാർക്കിന്റെയും അടിസ്ഥാനത്തിൽ കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ആർക്കിടെക്ച്ചർ ബിരുദ പ്രോഗ്രാമായ ബി. ആർക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് പ്രക്രിയ ഉടൻ ആരംഭിക്കും. www.cee.kerala.gov.in
നെതർലാൻഡിൽ ഉപരിപഠനം
നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി നെതർലൻഡ്‌സ് തിരഞ്ഞെടുക്കുന്നു. അമേരിക്ക, യു.കെ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവായതിനാൽ കൂടുതൽ വിദ്യാർത്ഥികൾ നെതർലാൻഡ്‌സിലെത്തുന്നു. യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യത്തെ 250ൽ 13 സർവകലാശാലകൾ നെതർലാൻഡ്സിൽ നിന്നുള്ളവയാണ്. നിരവധി സ്വകാര്യ സർവകലാശാലകളുമുണ്ട്. അടുത്ത അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന കോഴ്സുകളുടെ അഡ്മിഷൻ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. പ്രതിവർഷം 9000 മുതൽ 15,000 യൂറോ വരെ ഫീസിനത്തിൽ നൽകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |