തൃശൂർ: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ തൃശൂർ ചെട്ടിയങ്ങാടി ധനവ്യവസായ ബാങ്കേഴ്‌സിന്റെ സ്വത്തുക്കൾ താത്കാലികമായി ജപ്തി ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് (തൃശൂർ സിറ്റി സി ബ്രാഞ്ച്) അന്വേഷിക്കുന്ന കേസിൽ ആകെ 125ൽ 120 കേസുകളുടെ അന്വേഷണം പൂർത്തിയാക്കി.
നിക്ഷേപകർ പണം ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തത് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജപ്തി ഉത്തരവ്. ജപ്തി സ്ഥിരപ്പെടുത്താൻ തുടർനടപടികളെടുക്കും. സ്ഥാപനത്തിന്റെയും ഉടമകളുടെയും മറ്റു പ്രതികളുടെയും പേരിലുള്ള എല്ലാ സ്വത്തുക്കകളും ജപ്തി ചെയ്യും. പ്രതികളുടെ പേരിൽ ജില്ലയിലുള്ള എല്ലാ സ്വത്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങി.
ജില്ലാ രജിസ്ട്രാർ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടർന്നുള്ള വിൽപ്പന നടപടികൾ താത്കാലികമായി മരവിപ്പിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ നിരവധി പേർ പരാതി നൽകിയിരുന്നു. മുന്നൂറിലേറെ പേർ കബളിപ്പിക്കപ്പെട്ടെന്നാണ് ആക്ഷേപം.
നിക്ഷേപകർക്ക് കിട്ടാനുള്ളത് ലക്ഷങ്ങൾ
നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ കൂട്ടപ്പരാതിയെത്തിയിരുന്നു. തൃശൂർ വടൂക്കര സ്വദേശിയാണ് സ്ഥാപന ഉടമ ജോയ് പാണഞ്ചേരി. ഭാര്യ റാണിയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങിയിരുന്നു. അനധികൃതമായി നിക്ഷേപം സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുമ്പിലും നിക്ഷേപകർ സമരം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |