കൊല്ലം: ജന്മനാ കാലുകൾക്കു ശേഷിയില്ലാത്ത ബിനുവിന്റെ (16) ജീവിതത്തിലെ പകൽ ഇപ്പോൾ സത്യജിത്തിന്റെ കൈകളിലാണ്. പരിചയപ്പെട്ടിട്ട് ഏതാനും വർഷങ്ങളേ ആയുള്ളുവെങ്കിലും ഒരായുസിന്റെ സ്നേഹബന്ധം.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹുമാനിറ്റീസ് വിദ്യാർത്ഥികളാണ് ഇടക്കുളങ്ങര ഗീതാഭവനത്തിൽ ബിനുവും സുഹൃത്ത് കല്ലേലിഭാഗം ജിത്തുഭവനത്തിൽ സത്യജിത്തും (16).
ബിനുവിനെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് സത്യജിത്താണ്. ഇരുവരും 2020ലാണ് പരിചയപ്പെടുന്നത്. ഇതേ സ്കൂളിലെ എട്ടാംക്ലാസിൽ ഒരേ ഡിവിഷനിൽ പ്രവേശനം നേടാനായെങ്കിലും അടുത്ത് ഇടപെടാൻ കഴിഞ്ഞത് 2022 ൽ 10-ാം ക്ലാസിൽ എത്തിയപ്പോഴാണ്. കൊവിഡിനെ തുടർന്ന് 8, 9 ക്ലാസുകൾ പൂർണമായും ഓൺലൈനിലായിരുന്നു. ക്ലാസ് ഗ്രൂപ്പിൽ നിന്ന് സത്യജിത്തിന് ബിനുവിന്റെ നമ്പർ ലഭിച്ചു. ഫോണിൽ സംസാരിച്ച് നല്ല സുഹൃത്തുകളായി. പ്ലസ്‌വണ്ണിന് ഒരേ സ്കൂളിൽ പ്രവേശനം കിട്ടുമോ എന്നതായിരുന്നു ആശങ്ക. ആഗ്രഹംപോലെ രണ്ടുപേരും ഒരേ ക്ളാസിൽത്തന്നെയെത്തി.
റെയിൽവേ സ്റ്റേഷനിൽനിന്ന് സ്കൂളിലേക്ക്
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനടുത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. വീട്ടിൽ നിന്ന് ബിനു ഇലക്ട്രിക് വീൽചെയറിലും സത്യജിത്ത് സൈക്കിളിലും ഇവിടെയെത്തും. തുടർന്ന് വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ച് സത്യജിത്ത് സൈക്കിൾ ചവിട്ടും. ഇതാണ് പതിവ് കാഴ്ച. ഒന്നാംനിലയിലുള്ള ക്ലാസിലേക്ക് ബിനുവിനെ എടുത്തുകയറ്റുന്നതും സത്യജിത്താണ്. ക്ലാസിൽ സാധാരണ വീൽചെയറാണ് ഉപയോഗിക്കുന്നത്. ജില്ലാപഞ്ചായത്തിൽ നിന്ന് ലഭിച്ചതാണ് ഇലക്ട്രിക് വീൽചെയർ. ഏഴാംക്ലാസുവരെ അമ്മയോ അച്ഛനോ ആണ് ബിനുവിനെ സ്കൂളിൽ എത്തിച്ചിരുന്നത്. പത്താംക്ലാസ് മുതലാണ് ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ തുടങ്ങിയത്. പ്ലസ്ടുവിന് ശേഷം ഒന്നിച്ച് പഠിക്കാൻ അവസരം ലഭിക്കാതെ വന്നാലും തങ്ങളുടെ സൗഹൃദത്തിന് മാറ്റമുണ്ടാകില്ലെന്ന് ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |