റായ്‌പൂർ: വെബ്‌സീരീസായ 'പഞ്ചായത്ത്' ൽ രസകരമായ ഒരു രംഗമുണ്ട് എംഎൽഎ പറത്തിവിടുന്ന പ്രാവ് താഴെവീണുപോകുന്നതാണത്. ഏതാണ്ട് തത്തുല്യമായൊരു രംഗം ഛത്തീസ്‌ഗഡിലുമുണ്ടായി. സ്വാതന്ത്ര്യദിന ചടങ്ങിനിടെയായിരുന്നു സംഭവം. മുംഗേലിയിൽ സ്വാതന്ത്ര്യദിന പതാകയുയർത്തൽ ചടങ്ങിന് ശേഷം പ്രാവുകളെ പറത്തിവിടുന്നതിനിടെയാണ് സംഭവമുണ്ടായത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറത്തിവിട്ട പ്രാവ് ഉടൻതന്നെ താഴെവീണു. ജില്ലാ പൊലീസ് മേധാവി ഗിരിജാ ശങ്കർ ജയ്‌സ്‌വാൾ പറത്തിയ പ്രാവാണ് താഴെവീണത്.
ഇതോടെ നിരവധി മീം പേജുകളിൽ വീഡിയോ വൈറലായി. സംഗതി നാണക്കേടായതോടെ സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവി കളക്‌ടർക്ക് കത്ത് നൽകി. പ്രാദേശിക ഭരണകൂടം ഏർപ്പാടാക്കിയ പരിപാടിയിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പുന്നുലാൽ മോഹ്‌ലെ, കളക്‌ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജെയ്‌സ്‌വാൾ എന്നിവർക്ക് പറത്താനായി പ്രാവുകളെ നൽകി. എംഎൽഎയും കളക്ടറും പറത്തിയ പ്രാവുകൾ ആകാശത്തേക്ക് പോയെങ്കിലും സൂപ്രണ്ടിന്റെ പ്രാവ് നിലത്തുവീണു. ഉടൻതന്നെ അധികൃതർ മറ്റൊരു പ്രാവിനെ അദ്ദേഹത്തിന് നൽകി പ്രശ്‌നം പരിഹരിച്ചു.
പറക്കാതായ പ്രാവ് രോഗബാധയുള്ളതായിരുന്നു എന്നാണ് വിവരം. സ്വാതന്ത്ര്യദിനം പോലെയൊരു ചടങ്ങിൽ തന്നെ ഇത്തരം സംഭവമുണ്ടായതിൽ പൊലീസ് ഉദ്യോഗസ്ഥൻ അതൃപ്‌തി പ്രകടിപ്പിച്ചു. മാത്രമല്ല മുഖ്യാതിഥിയായ എംഎൽഎയുടെ കൈയിലെ പ്രാവിനാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ എന്തൊരു നാണക്കേട് ഉണ്ടായേനെ എന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തന്റെ ചുമതല ശരിയായി നിർവഹിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |