ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലെ വാഴ്സോയിലെത്തി. 45 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഇന്ന് പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് എന്നിവരുമായി മോദി കൂടിക്കാഴ്‌ച നടത്തും. വാഴ്‌സോ വിമാനത്താവളത്തിൽ പോളണ്ട് വിദേശകാര്യ സഹമന്ത്രി റഡോഷാ സികോർസ്‌കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.ഹോട്ടലിലെത്തിയ മോദി കുട്ടികൾ ഒരുക്കിയ കലാവിരുന്ന് വീക്ഷിച്ചു. പോളണ്ടിലെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ കാണാനെത്തി.
തുടർന്ന് നവനഗറിലെ (ഇപ്പോൾ ജാംനഗർ) മുൻ മഹാരാജാവായ ജാം സാഹെബ് ദിഗ്വിജയ്‌സിൻഹിന്റെ സ്മാരകം സന്ദർശിച്ചു. 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയനിൽ നിന്നുവന്ന പോളിഷ് അഭയാർത്ഥി കുട്ടികൾക്ക് രാജാവ് അഭയം നൽകിയിരുന്നു. 1944ലെ മോണ്ടെ കാസിനോ യുദ്ധത്തിലെ പോളിഷ് സേനയുടെ വിജയത്തെ ഓർമ്മിപ്പിക്കുന്ന യുദ്ധ സ്‌മാരകവും അതിനോട് ചേർന്നുള്ള കോലാപ്പൂർ സ്മാരകവും പ്രധാനമന്ത്രി സന്ദർശിച്ചു. നവാൻഗറിലെ ജാം സാഹിബ് അഭയം നൽകിയ പോളിഷ് കുട്ടികളെ പാർപ്പിച്ച കോലാപൂരിലെ ഗ്രാമത്തിന്റെ ഓർമ്മയ്ക്കായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യ- പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷം കൂടി കണക്കിലെടുത്താണ് സന്ദർശനം. 1979ൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഏറ്റവുമൊടുവിൽ പോളണ്ട് സന്ദർശിച്ചത്.
പ്രധാന സാമ്പത്തിക പങ്കാളി
ഇരു രാജ്യങ്ങൾക്കിടയിൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടുമ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞു. മദ്ധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള പ്രതിബദ്ധത ഇന്ത്യയുമായുള്ള ബന്ധത്തെ കൂടുതൽ സുദൃഢമാക്കുന്നുവെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |