കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ. സന്ദീപ് ഘോഷ് മൃതദേഹങ്ങൾ വിറ്റെന്നും കൈക്കൂലി വാങ്ങിയെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നു. ഇതുസംബന്ധിച്ച് കോളേജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി പരാതി നൽകി. ആശുപത്രിയിലെ അനധികൃത പ്രവർത്തനങ്ങളിലൂടെ സന്ദീപ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും ഇയാളുടെ നേതൃത്വത്തിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
നിയമപ്രകാരം അംഗീകൃത കേന്ദ്രങ്ങളിലേക്കാണ് മെഡിക്കൽ മാലിന്യം കൊണ്ടുപോകേണ്ടത്. പ്രിൻസിപ്പലായിരിക്കെ സന്ദീപ് ഘോഷ് ഇത് പുറത്തേക്ക് കടത്തി. 2023ൽ സന്ദീപ് ഘോഷിനെതിരേ വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബംഗാൾ സർക്കാർ സന്ദീപിനെതിരെ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും നുണപരിശോധന വേണ്ടിവരുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച മുതൽ 40 മണിക്കൂറോളമാണ് സന്ദീപിനെ ചോദ്യം ചെയ്തത്. ഇന്നലെയും ചോദ്യം ചെയ്തു.
കൊലപാതക വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം. ആദ്യം വിളിച്ചതാരെ, സെമിനാർ ഹാളിനടുത്ത് അറ്റകുറ്റപ്പണക്ക് അനുവാദം നൽകിയതാര് തുടങ്ങി നിരവധി കാര്യങ്ങൾ സി. ബി. ഐ ചോദിച്ചറിഞ്ഞു. ചില ഉത്തരങ്ങളിൽ പൊരുത്തക്കേടുകളുള്ളതിനാലാണ്
നുണ പരിശോധന നടത്തുന്നത്.
സന്ദീപിനെതിരെ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകൾക്കും കൊല്ലപ്പെട്ട ഡോക്ടറുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
ഗാർഹിക പീഡനം,
കമ്മിഷൻ വാങ്ങൽ
1. സന്ദീപ് ഘോഷ് ബോധപൂർവം വിദ്യാർത്ഥികളെ പരീക്ഷകളിൽ തോൽപ്പിച്ചിരുന്നു. പണം വാങ്ങി വിദ്യാർത്ഥികളെ ജയിപ്പിച്ചു
2. ടെൻഡർ ഓർഡറുകളിൽ 20 ശതമാനം കമ്മിഷൻ വാങ്ങി
3. മെഡിക്കൽ കോളേജിലെ ജോലികൾക്കായി പണം തട്ടി
4. ഗസ്റ്റ് ഹൗസിൽ വച്ച് വിദ്യാർത്ഥികൾക്ക് മദ്യം നൽകി
5. സിസേറിയൻ കഴിഞ്ഞ് 14 ദിവസം മാത്രമുള്ളപ്പോൾ ഭാര്യയെ ഉപദ്രവിച്ചു
6. കോളേജ് കൗൺസിൽ നിയന്ത്രിക്കുന്ന സർക്കാർ സ്വത്ത് പാട്ടത്തിനെടുത്തു
7. സ്വന്തക്കാർക്കും സ്വാർത്ഥ താത്പര്യങ്ങളിലും കോടികളുടെ കരാറുകൾ
8. ഉപയോഗിച്ച സിറിഞ്ചുകൾ, സലൈൻ ബോട്ടിലുകൾ, കൈയുറകൾ തുടങ്ങിയവ റീസൈക്കിൾ ചെയ്യാൻ രണ്ട് ബംഗ്ലാദേശികൾക്ക് പതിവായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |