ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സി.ബി.ഐ അന്വേഷണ സംഘം കോടതിയെ അറിയിക്കും. ആശുപത്രിയിലെ അക്രമസംഭവത്തിൽ ബംഗാൾ സർക്കാർ വിശദീകരണം നൽകും. ആശുപത്രിയുടെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തത് കേന്ദ്രസർക്കാരും അറിയിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പുവരുത്താനും സംവിധാനത്തിലെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാനും ലക്ഷ്യമിട്ട് ഒൻപതംഗ ദേശീയ ദൗത്യസേന ചൊവ്വാഴ്ച രൂപീകരിച്ചിരുന്നു. ഇരയുടെ പേര്,ചിത്രങ്ങൾ,മൃതദേഹത്തിന്റെ ദൃശ്യങ്ങൾ എന്നിവ അടിയന്തരമായി സമൂഹ - ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് എത്രത്തോളം നടപ്പായെന്ന് കോടതി വിലയിരുത്തിയേക്കും.
ആശുപത്രിയിൽ അക്രമം നടത്തിയവർ വനിതാ ഡോക്‌ടർമാരെ ഭീഷണിപ്പെടുത്തിയപ്പോൾ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്ന് മമത സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. രാജിവച്ച പ്രിൻസിപ്പലിന് ഉടൻ മറ്രൊരു മെഡിക്കൽ കോളേജിൽ നിയമനം നൽകിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും ചോദ്യം ചെയ്‌തു. തുടക്കത്തിൽ ആത്മഹത്യയാക്കി മാറ്റാൻ പ്രിൻസിപ്പൽ ശ്രമിച്ചു. മൃതദേഹം കാണാൻ മാതാപിതാക്കളെ മണിക്കൂറുകളോളം അനുവദിച്ചില്ലെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു.
അരുണാ ഷാൻബാഗിനെ
ഓർത്ത്
കൊൽക്കത്ത ക്രൂരത വിഷയം പരിഗണിച്ചപ്പോൾ മുംബയ് കെ.ഇ.എം ആശുപത്രിയിൽ അതിക്രമത്തിനിരയായി 42 വർഷം കോമ അവസ്ഥയിൽ കഴിഞ്ഞ നഴ്സ് അരുണാ ഷാൻബാഗിനെ ചീഫ് ജസ്റ്രിസ് ഡി.വൈ.ചന്ദ്രചൂഡ് സ്‌മരിച്ചത് ശ്രദ്ധേയമായി. മെഡിക്കൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമത്തിന്റെ ഉദാഹരണമായാണ് അദ്ദേഹം കർണാടക സ്വദേശിയായ നഴ്സിനെ ഓർത്തത്. 1973 നവംബറിൽ ആശുപത്രിയിലെ ബേസ്‌മെന്റിൽ ജീവനക്കാരന്റെ ലൈംഗികാതിക്രമത്തിനിരയായ അരുണ, 2015ൽ മരണം സംഭവിക്കും വരെ കിടക്കയിലായിരുന്നു. ദയാവധത്തിന്റെ ആവശ്യം രാജ്യവ്യാപകമായി ഉയർന്നുവന്നിരുന്നു.
ഹർജിയുമായി
മെഡിക്കൽ സംഘടന
ദേശീയ ദൗത്യസേന തയ്യാറാക്കുന്ന ശുപാർശകൾ നടപ്പാക്കുന്നതു വരെ രാജ്യത്തെ എല്ലാ ഡോക്‌ടർമാർക്കും ഇടക്കാല സംരക്ഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ദേശീയ ദൗത്യസേനയിൽ റസിഡന്റ് ഡോക്‌ടർമാരുടെ പ്രതിനിധി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, സമരം തുടരുന്ന റസിഡന്റ് ഡോക്‌ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് എയിംസ് അധികൃതർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |