ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ രണ്ടു ദിവസത്തെ സന്ദർശനത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജമ്മുകാശ്‌മീരിലെത്തി. സംസ്ഥാനത്തെ പ്രമുഖ കക്ഷിയും 'ഇന്ത്യ' മുന്നണിയിലെ അംഗവുമായ നാഷണൽ കോൺഫറൻസുമായുള്ള സഖ്യ ചർച്ചയും അജണ്ടയിലുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് ജമ്മുവിലെത്തിയ രാഹുൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ കണ്ടു. ഇന്ന് കാശ്‌മീരിലെത്തി നാഷണൽ കോൺഫറൻസ് നേതാക്കളെ കാണും. തിരഞ്ഞെടുപ്പിന് മുൻപ് ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ള പറഞ്ഞെങ്കിലും നേതാക്കൾക്കിടയിൽ ചർച്ചകൾ സജീവമായിരുന്നു. ബി.ജെ.പിയെ എതിർക്കുന്ന ഏത് പാർട്ടിയുമായും കൈകോർക്കുമെന്ന് പുതിയ പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലായിരുന്നു. കോൺഗ്രസ് മത്സരിച്ച ജമ്മു ഡിവിഷനിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലും ലഡാക്കിലെ ഒരു സീറ്റിലും തോറ്റു. കാശ്മീരിലെ മൂന്ന് സീറ്റുകളിൽ മത്സരിച്ച നാഷണൽ കോൺഫറൻസ് രണ്ടിടത്ത് ജയിച്ചു. ജമ്മുവിൽ കോൺഗ്രസ് ദുർബലമാണ്. സമതലങ്ങളിലും ചെനാബ് വാലി മേഖലയിലും പാർട്ടിക്ക് സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |